ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആലീസ് ഷിബു അക്ഷരദീപം ഉദ്ഘാടനം ചെയ്തു.
ചാലക്കുടി: ഒരു നല്ല പുസ്തകം മികച്ച സുഹൃത്തിനു സമമാണ്. വാക്കുകള്‍ ഇഴ ചേര്‍ത്തു വച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസീക വളര്‍ച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഇന്നത്തെ സമൂഹത്തില്‍ വായനയുടെ തിളക്കം മങ്ങിക്കൊണ്ടിരിക്കുന്നു. മാധ്യമ ലോകത്ത് വിഹരിക്കുന്ന പുതുതലമുറയെ വായനയുടെ ലോകത്തേയ്ക്ക് എത്തിക്കുവാനുള്ള പരിശ്രമമാണ് അക്ഷരദീപം മൊബൈല്‍ ലൈബ്രറി.
കാര്‍മ്മല്‍ വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയിലേയ്ക്കാണ് മൊബൈല്‍ ലൈബ്രറി സജ്ജമാക്കിയത്. പുസ്തകങ്ങള്‍ വയ്ക്കാനുള്ള ഷെല്‍ഫ് പ്രത്യേകമായി നിര്‍മ്മിച്ചു. നാല് തട്ടുകളിലായി പുസ്തകങ്ങള്‍ ക്രമീകരിക്കത്തക്കവിധത്തിലാണ് നിര്‍മ്മാണം . നൂറോളം പുസ്തകങ്ങള്‍ വാങ്ങി ക്രമീകരിച്ച് മൊബൈല്‍ ലൈബ്രറി ഒരുക്കി.
ചാലക്കുടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആലീസ് ഷിബു അക്ഷരദീപം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ വി.ജെ.ജോജി അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ദീപു ദിനേശ്, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് ശ്രീ സി.എസ്. സുരേഷ്, കൗണ്‍സിലര്‍മാരായ ശ്രീ വി.ഒ. പൈലപ്പന്‍, ശ്രീ വത്സന്‍ ചമ്പക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
കാര്‍മ്മല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ.ജോസ് താണിക്കല്‍ സി.എം.ഐ. ആശംസ നേര്‍ന്നു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും അവരോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ക്കും വായനയിലേക്കുള്ള വാതായനമായി മാറും ‘അക്ഷരദീപം’.
വെറുതെ ഇരിക്കുന്നതിനേക്കാള്‍, അലസമായ മൊബൈല്‍ ലോകത്തേക്കാള്‍ എന്തു കൊണ്ടും ബൗദ്ധീകവും മാനസീകവുമായ ഉന്മേഷം ലഭിക്കുന്നതും വിജ്ഞാന ദായകവുമായ വായന ലോകം സ്വന്തമാക്കാന്‍, പ്രായഭേദമില്ലാതെ രോഗികളേയും സഹായികളേയും പ്രാപ്തമാക്കുക എന്ന ലക്ഷ്യം അക്ഷര ദീപത്തിലൂടെ സാക്ഷാത്ക്കരിക്കാന്‍ സാധിക്കും.