കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കരാഞ്ചിറ സെന്റ് ജോർജ് സി യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അജിത്തിന് ഇനി പുതിയ വീട്ടിൽ സ്വസ്ഥമായി കഴിയാം.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന അജിത്തിന് അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകുമെന്ന് ഒരു വർഷം മുമ്പ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉറപ്പ് നൽകിയിരുന്നു. നവീകരിച്ച വീടിന്റെ താക്കോൽ അജിത്തിന് മന്ത്രി കൈമാറി.
ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ വെർച്വൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനത്തിനായാണ് അജിത്തിന്റെ വീട് ഒരു വർഷം മുമ്പ് മന്ത്രി സന്ദർശിച്ചത്. വീടിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിയ മന്ത്രി അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പു നൽകുകയായിരുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം തനത് പദ്ധതിയായ സ്നേഹക്കൂട് ഭവന നിർമാണ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളുടെ സഹായത്തോടെയാണ്
അജിത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
അജിത്തിൻ്റെ പിതാവ് ഓട്ടോ തൊഴിലാളിയായ തിയ്യത്തുപറമ്പിൽ അജയൻ കുറച്ചുമാസങ്ങൾക്ക് മുൻപാണ് മരണപ്പെട്ടത്. പ്ലസ്ടുവിന് പഠിക്കുന്ന സഹോദരനും അമ്മ ഷൈലജയ്ക്കും ഒപ്പമാണ് അജിത്ത് താമസിക്കുന്നത്. ജില്ലയിലെ 32 വി എച്ച് എസ് എൻഎസ്എസ് വളന്റിയർമാർ ധന സമാഹരണ പ്രവർത്തനങ്ങളിലൂടെയാണ് വീട് നവീകരണത്തിനുള്ള തുക കണ്ടെത്തിയത്. കാട്ടൂർ പോംപെ സെന്റ്മേരിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവൃത്തികൾ നടന്നത്.
വീടിന്റെ പരിസരത്ത് നടന്ന താക്കോൽദാന ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ലത അധ്യക്ഷത വഹിച്ചു. എൻഎസ്എസ് സ്നേഹക്കൂട് കോഡിനേറ്റർ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി വി ബിനു, എൻഎസ്എസ് റീജിയണൽ കോഡിനേറ്റർ എം പ്രീത, കാട്ടൂർ പോംപെ സെന്റ്മേരിസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ ബി പ്രിയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി ബി വിനിത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.