പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫെബ്രുവരി 20 ന് വൈകീട്ട് ആറിന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും.ദേശീയ റർബ്ബൺ മിഷൻ ഫണ്ടിൽ നിന്നും 1.31 കോടി രൂപ വിനിയോഗിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രവും അതിനോട് ചേർന്ന ക്വാട്ടേഴ്സ് കെട്ടിടവും നിർമിച്ചത്.
5670 സ്ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ ഇരുനിലകളിലായാണ് പ്രാഥമികാരോഗ്യ കേന്ദ്രം പണിഞ്ഞത്. ഒന്നാം നിലയിൽ പാലിയേറ്റീവ് റൂം, ലാബ്, പ്രതിരോധ കുത്തി വെയ്പ് റൂം, ഫിസിയോതെറാപ്പി, ഭിന്നശേഷി സൗഹൃദ ശൗചാലയം, വെയ്റ്റിങ്ങ് ഏരിയാ തുടങ്ങിയ സൗകര്യങ്ങളും രണ്ടാം നിലയിൽ എൽഎച്ച്ഐ, എച്ച് ഐ, ജെ പി എച്ച് എൻ ജെഎച്ച്ഐ എന്നിവർക്കുള്ള മുറികളും ഒരുക്കിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്ന് ക്യാട്ടേഴ്സ് കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. 2035 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ നിർമ്മിച്ച കെട്ടിടത്തിൽ കിടപ്പ് മുറികൾ, അടുക്കള, ഡൈനിങ് റൂം, ലിവിങ് റൂം, വാക് ഏരിയ എന്നീ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ മികവാർന്ന ആരോഗ്യ പ്രവർത്തനത്തിലൂടെ ആരോഗ്യ മികവിനുള്ള 2021-22 വർഷത്തെ ആർദ്ര കേരളം പുരസ്കാരം ജില്ലാ തലത്തിൽ ഒന്നാം കരസ്ഥമാക്കിയ ഗ്രാമ പഞ്ചായത്ത് കൂടിയാണ് പുന്നയൂർക്കുളം.