Channel 17

live

channel17 live

അതിഥികളായി ഭിന്നശേഷി വിദ്യാര്‍ഥികള്‍; ജില്ലാ കലക്ടറുടെ മുഖാമുഖം ശ്രദ്ധേയമാകുന്നു

‘ഞങ്ങള്‍ നട്ട ചെണ്ടുമല്ലി തൈ മൊട്ടിട്ടുണ്ട്, വിളവെടുപ്പിന് വരണം…’ എത്തുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയപ്പോള്‍ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് ആവേശമായി. ജില്ലയിലെ വിവിധ മേഖലകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കാനും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ തളിര്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാരായ 21 പേരാണ് അതിഥികളായെത്തിയത്.

ഓണവിപണി ലക്ഷ്യമിട്ട് 20 സെന്റില്‍ നട്ട 180 ചെണ്ടുമല്ലി തൈകളാണ് മൊട്ടിട്ടിരിക്കുന്നത്. ഇതിന്റെ വിളവെടുപ്പിനാണ് കലക്ടറെ നേരിട്ട് ക്ഷണിച്ചത്. കൂടാതെ, ഇവര്‍ തന്നെ നിര്‍മിച്ച നറുനീണ്ടി സ്‌ക്വാഷും നല്‍കി. സംസ്ഥാന ബഡ്‌സ് കലോത്സവത്തില്‍ വിജയിയായ ടി.എസ് വൈദേഹി നാടോടിനൃത്തത്തിന് ചുവട് വെച്ചപ്പോള്‍ കിരണും സോഫിയയും പാട്ട് പാടിയാണ് സദസിനെ രസിപ്പിച്ചത്. കൂടാതെ കിരണ്‍ വരച്ച ചിത്രവും സമ്മാനിച്ചു. കളക്ടറേറ്റിലെത്തിയ സംഘത്തിന് വാഴാനി ഡാം സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരം കൂടി നല്‍കിയപ്പോള്‍ ഇവര്‍ വരവ് ആഘോഷമാക്കി.

വേലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 വയസിന് മുകളില്‍ പ്രായമുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴില്‍ പുനഃരധിവാസം എന്നിവ ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് തളിര്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടക്കുന്നത്. എല്‍.ഇ.ഡി ബല്‍ബ് നിര്‍മാണം, ആഭരണ നിര്‍മാണം, ഭക്ഷ്യോത്പാദനം തുടങ്ങി വിവിധ സംരംഭ മേഖലയില്‍ പരിശീലനവും നല്‍കുന്നു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കുന്നതിലെ കാലതാമസം അറിയിച്ചപ്പോള്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശവും നല്‍കി.

തൊഴിലുറപ്പ് പദ്ധതി മുഖേന തൊഴില്‍ കാര്‍ഡ് എടുത്തവരാണ് എല്ലാവരും. ഭിന്നശേഷിക്കാരെ പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുകയാണ് ബസ്ഡ് മുഖേന പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കൂടാതെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നാഷണല്‍ ട്രസ്റ്റ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് കൂടിയാണ് വേലൂര്‍. മുഖാമുഖത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഷോബി, ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ എസ് നാഥ്, അധ്യാപിക അഞ്ജു കെ. ജയന്‍, പി.ടി.എ പ്രസിഡന്റ് എ.ജെ ജോസ്, വൈസ് പ്രസിഡന്റ് ഉഷ, ജീവനക്കാരി സുധ തുടങ്ങിയവര്‍ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!