കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള മുസിരിസ് പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തിൽ മെയ് 17, 18 തീയതികളിൽ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം മാള ജൂതപ്പള്ളിയിൽ നടക്കും. പതിനഞ്ചാo നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിർമ്മിച്ച തെന്ന് കരുതപ്പെടുന്ന മാള ജൂതപ്പള്ളിയുടെ പുനരുദ്ധാരണം മുസിരിസ് പൈതൃക പദ്ധതി നടത്തിയിരുന്നു. തൃശ്ശൂർ ജില്ലയിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിൽ നിലനിൽക്കുന്ന ഏക ജൂതപ്പള്ളിയായ ഇതിനെ ജ്യൂ കമ്മ്യൂണിറ്റി സെൻറർ ആൻഡ് മ്യൂസിയം ആക്കി മാറ്റുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. മാളയുടെടൂറിസം സാധ്യതകൾ മുന്നിൽക്കണ്ടുള്ള “ജൂത സർക്യൂട്ട്” ടൂർ പ്രോഗ്രാമുകളുടെ രൂപീകരണവും പദ്ധതിയുടെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലാണ്. ഇതിലൂടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ പ്രധാന ഇടമായി മാള മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾആണ് നടക്കുന്നത്. അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷവും,”ജൂതരുടെ ജീവിതവും ചരിത്രവും” എന്ന വിഷയത്തിൽ എക്സിബിഷനും “അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ മ്യൂസിയങ്ങളുടെ ഭാവി” എന്ന വിഷയത്തിൽ സെമിനാറും ഉണ്ടാകും.മെയ് 17 രാവിലെ 10:30 മണിക്ക് കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ ഭാഗമായി വൈവിധ്യ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വില്പനയും, കരകൗശല- ചിത്രപ്രദർശനവും വിപണനവും ഉണ്ടായിരിക്കുന്നതാണ്.
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം മാളയിൽ
