മാളയിലെ പോള്‍ വടക്കുഞ്ചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തിൽ പ്രതിമയുടെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
മാളഃ അമേരിക്കയിലെ പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബർട്ടി മാളയിലുമുണ്ട്. മാളയിലെ പോള്‍ വടക്കുഞ്ചേരിയുടെ വീട്ട് മുറ്റത്താണ് 20 അടി ഉയരത്തിൽ പ്രതിമയുടെ മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ പ്രതിമ ഫ്രഞ്ചുകാരും അമേരിക്കകാരും തമ്മിലുള്ള അടുപ്പത്തിന്റെ അടയാളമാണെങ്കിൽ മാളയും അമേരിക്കയും തമ്മിൽ നാല് പതിറ്റാണ്ടോളമായി തുടരുന്ന ആത്മ ബന്ധത്തിന്റെ ഓർമ്മക്കാണ് മാളയിലെ ശില്പം. അമേരിക്കയിൽ എത്തിയ ആദ്യമാളക്കാരിൽ ഒരാളാണ് പോൾ വടക്കുംഞ്ചേരി.1986 ൽ ആണ് അദ്ദേഹം അമേരിക്കയിൽ എത്തുന്നത്. തനിക്ക് ജീവിത വിജയം നൽകിയതിന്റെ നന്ദി സൂചകമായാണ് അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ മാതൃക വീടിന് മുന്‍പില്‍ സ്ഥാപിച്ചത്. ഗ്രീക്ക്, റോമൻ മാതൃകയിലുള്ള വേറെയും പ്രതിമകളുണ്ട് മൺസൂൺ പാലസ് എന്ന് പേരിട്ടിരിക്കുന്ന കൊട്ടാര സദൃശമായ ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത്. നാല് പതിറ്റാണ്ടോളമായി അമേരിക്കയിലാണെങ്കിലും ജന്മനാട് എന്നും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഉണ്ട്.
അമേരിക്കൻ പൗരത്വം എടുക്കാത്ത പോൾ ഇപ്പോളും ഇന്ത്യൻ പാസ്പോർട്ടുമായാണ് ലോകം കറങ്ങുന്നത്. ന്യൂയോർക്ക് ഹാർബറിലെ ലിബർട്ടി ദ്വീപിൽ സ്ഥിതി ചെയ്യുന്ന 93 മീറ്റർ ഉയരമുള്ള പ്രതിമയാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടി. അമേരിക്കക്ക് ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് ഈ പ്രതിമ. സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയായ ലിബർത്താസിന്റെ രൂപത്തിലാണ് പ്രതിമ. വലതു കൈയ്യിൽ ഉയർത്തിപ്പിടിച്ച ഒരു ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന ജൂലൈ 4, 1776 എന്ന് റോമൻ അക്കത്തിൽ എഴുതിയ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനദിന ഫലകവുമായാണ് പ്രതിമ നിൽക്കുന്നത്. ശില്പം സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും പ്രതീകവും അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുന്നവർക്ക് സ്വാഗതമേകുന്ന കാഴ്ച്ചയുമാണ്. രണ്ട് വർഷത്തോളം എടുത്താണ് പോളിന്റെ മുറ്റത്ത് പ്രതിമ സ്ഥാപിച്ചത്. മാർബിൾ പൊടിയും സിമന്റും കമ്പിയും ഉപയിഗിച്ചാണ് പ്രതിമയുടെ തനി രൂപം സൃഷ്ടിച്ചിരിക്കുന്നത്. ഇറ്റാലിയൻ പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മേലഡൂർ കൂര്യാക്കാടൻ പവിത്രൻ ആണ് ഈ മനോഹര ശില്‍പ്പങ്ങളുടെ ശില്‍പ്പി.