അറിവിൽ നിന്ന് ഉൾക്കാഴ്ച്ചയിലേക്ക് വിദ്യാർഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
ഇരിങ്ങാലക്കുട: അറിവിൽ നിന്ന് ഉൾക്കാഴ്ച്ചയിലേക്ക് വിദ്യാർഥികളെ നയിക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉൾക്കാഴ്ച്ച മറ്റുള്ളവരെ കൂടി ഉൾക്കൊള്ളുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കണം. മനുഷ്യനെ സമഭാവനയോടെ വീക്ഷിക്കുവാൻ സാധിക്കുമ്പോഴാണ് വിദ്യാഭ്യാസം അതിൻ്റെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതെന്നും കുര്യൻ ജോസഫ് വ്യക്തമാക്കി. പുതുതലമുറയെ പ്രതികൂലമായി ബാധിക്കാവുന്ന സാമൂഹിക തിന്മകളെ പറ്റി അദ്ദേഹം വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി.
നാല് ഗവേഷക വിദ്യാർത്ഥികളും 260 ബിരുദ വിദ്യാർഥികളും 249 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ഉൾപ്പെടെ 513 വിദ്യാർഥികൾക്കാണ് ചടങ്ങിൽ ബിരുദങ്ങൾ സമ്മാനിച്ചത്.ദേവമാതാ പ്രോവിൻസിൻ്റെ വികാർ പ്രൊവിൻഷ്യൽ ഫാ ഡേവി കാവുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പാൾ ഡോ ഫാ ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഡോ സേവ്യർ ജോസഫ്, പ്രൊഫ ഷീബ വർഗ്ഗീസ്, പരീക്ഷ കൺട്രോളർ ഡോ സുധീർ സെബാസ്റ്റ്യൻ, സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ ഡോ ഫാ വിൽസൺ തറയിൽ, യൂണിയൻ ചെയർമാൻ ഭരത് എന്നിവർ പ്രസംഗിച്ചു.