ചേലക്കര നിയോജകമണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ സേവനങ്ങളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനുമായി ചേര്‍ന്ന അവലോകന യോഗം യു.ആര്‍ പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ആരോഗ്യ സേവനങ്ങളും സൗകര്യങ്ങളും മെച്ചപ്പെടുത്തല്‍, ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും ഫാര്‍മസിസ്റ്റ് ജീവനക്കാരുടെയും രാത്രികാല സേവനം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മരണത്തെ തുടര്‍ന്ന് യോഗം തീരുമാനം എടുക്കാതെ അനുശോചനം രേഖപ്പെടുത്തിയ ശേഷം പിരിച്ചുവിട്ടതായും തുടര്‍നടപടികള്‍ ഇനി വരുന്ന അവലോകന യോഗത്തില്‍ കൈക്കൊള്ളുമെന്നും യു.ആര്‍ പ്രദീപ് എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ പത്മജ, കെ. പത്മജ, കെ. ശശിധരന്‍, വി. തങ്കമ്മ, പി.പി സുനിത, ഷെയ്ഖ് അബ്ദുള്‍ ഖാദര്‍, ഗിരിജ മേലേടത്ത്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.കെ ജയശ്രീ, ആരോഗ്യ സ്ഥിരം സമിതി അംഗങ്ങള്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. ശ്രീജിത്ത്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഫ്‌ളെമി ജോസ്, ഡി.പി.എം ഡോ. സജീവ് കുമാര്‍, ആരോഗ്യ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.