ആതുരസേവനം അഭിമാനത്തോടെ ഉള്‍ക്കൊള്ളേണ്ടുന്ന ബഹുമതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ 19-മത് ബിരുദദാനം നിര്‍വ്വഹിച്ചശേഷം പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍. ബുദ്ധിപരവും ധാര്‍മികവുമായ നീതി നിര്‍വ്വഹണം എന്നതില്‍ വേരൂന്നിയാകണം ആതുര വിദ്യാഭ്യാസം. ആതുര വിദ്യാസമ്പന്നര്‍ അതിന്റെ കുലീനത്വം ഉള്‍ക്കൊണ്ടുകൊണ്ട് അര്‍പ്പണ മനോഭാവത്തോടെ സേവനം പൊതു സമൂഹത്തിനായി സമര്‍പ്പിക്കണം. ഒരു മെഡിക്കല്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ എന്നത് എന്നും ഒരു ബഹുമതിയും അഭിമാനവുമായി കരുതി മുന്നോട്ടു പോകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമൂഹം കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല എന്ന സ്ഥാപനത്തിനുമേല്‍ ബൃഹത്തായ പ്രതീക്ഷ എന്നും അര്‍പ്പിച്ചിട്ടുണ്ട്, സംസ്ഥാനത്തിന്റ ആതുര ഗവേഷണരംഗത്ത് കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ഒരു മുഖ്യ പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യ ശാസ്ത്ര ശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ സഹാനുഭൂതി, അനുകമ്പ, എന്നതിലൂടെ സമൂഹ നന്മ എന്നതിന് തന്നെയാണ് പ്രാധാന്യംകൊടുത്തിരുന്നതെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വ്വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 11,166 പേര്‍ക്കാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വേദിയില്‍ വെച്ച് വിവിധ വിഷയങ്ങളില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥികളെ മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ രോഹിത് രാജീവ് സക്കറിയ, പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തിരുവല്ലയിലെ വിദ്യാര്‍ത്ഥിയായ എസ്. ഐശ്വര്യ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ ഡോക്ടര്‍ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ബിരുദദാനച്ചചടങ്ങിന്റെ വേദിയില്‍ ‘സ്‌കില്‍സ് ട്രെയ്‌നിംഗ് മാന്വല്‍ ഫോര്‍ മെഡിക്കല്‍ കോളേജ്’ എന്ന പുസ്തകം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
ഗവ. മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ.) മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ സി.പി വിജയന്‍, രജിസ്ട്രാര്‍ ഡോ. എസ്. ഗോപകുമാര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. എസ്. അനില്‍കുമാര്‍, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, സെനറ്റ് അംഗങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, ജി.സി, എ.സി അംഗങ്ങള്‍, സര്‍വ്വകലാശാല ജീവനക്കാര്‍, നാന്നൂറോളം വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്തു.