64 മിനിറ്റിന് ശേഷം ഭൂമിയില്‍നിന്ന് 648.7 കിലോമീറ്റര്‍ അകലെവച്ച് ആദിത്യ, റോക്കറ്റില്‍നിന്ന് വേര്‍പെടും. തുടര്‍ന്ന് 125 ദിവസത്തിനിടെ നാല് തവണ ഭ്രമണപഥം ഉയര്‍ത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവില്‍(എല്‍1) എത്തുക. ഭൂമിയില്‍ നിന്നും ഏകദേശം ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണിത്.
സൗരകൊടുങ്കാറ്റിന്റെയും സൂര്യന്റെ പുറം ഭാഗത്തുള്ള താപവ്യതിയാനങ്ങളുടെയും കാരണം കണ്ടെത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. സൂര്യനില്‍ നിന്നും പ്ലാസ്മ, കാന്തിക വലയം എന്നിവ പുറന്തള്ളുന്ന കൊറോണല്‍ മാസ് ഇജക്ഷന് (സിഎംഇ) പ്രതിഭാസത്തെ പറ്റിയുള്ള പഠനവും ആദിത്യയിലൂടെ ലക്ഷ്യമിടുന്നുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നുള്ള റേഡിയേഷന് ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാക്കുന്ന മാറ്റങ്ങളും പഠനവിധേയമാക്കും.
ആകെ ഏഴ് പേലോഡുകളാണ് ആദിത്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിക്കുക. ഇന്ത്യയുടെ പ്രഥമ സൗരദൗത്യത്തിന് ഏകദേശം 368 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ.