Channel 17

live

channel17 live

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കലക്ടറുടെ ഓണസമ്മാനമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം.

ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ ഓണസമ്മാനം. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ജില്ലാ കലക്ടര്‍ ഓണസമ്മാനമായി നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഒമ്പത് ആദിവാസി മേഖലയിലെ വിദ്യാലയങ്ങളില്‍ ഇന്ററാക്ടീവ് പാനലുകള്‍ നല്‍കും. മറ്റു വിദ്യാലയങ്ങളിലെ സാങ്കേതിക മികവ് ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മലക്കപ്പാറ ഗവ.യുപി സ്‌കൂളിലും ചൈപ്പം കുഴി ഗവ.യുപി സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഒരുക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റ് വിദ്യാലയങ്ങളുടെ പട്ടിക തയ്യാറാക്കി വരുകയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ക്ലാസ്സുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി നല്‍കുക. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഉള്ളടക്കങ്ങള്‍ സൂം ചെയ്ത് കാണാനും വൈറ്റ് ബോര്‍ഡായി ഉപയോഗിക്കാനും സാധിക്കും.

വി ആര്‍ കൃഷ്ണ തേജ ജില്ലാ കലക്ടറായി ചാര്‍ജെടുത്ത ദിവസം ജില്ലയിലെ 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ നല്‍കുന്ന പദ്ധതിക്ക് കലക്ടര്‍ തുടക്കം കുറിച്ചിരുന്നു. അയ്യന്തോള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനുള്ള ചെലവുകള്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തി നല്‍കുന്ന പദ്ധതിയും ജില്ലയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വിവിധ പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ ചെയ്യുന്ന നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇതിനകം പദ്ധതിയിലൂടെ സാധിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!