Channel 17

live

channel17 live

ആരോഗ്യ സര്‍വ്വകലാശാല ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല മാനവ സേവന രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചവരെ ഹോണററി ഡോക്ടറേറ്റ് ‘ഡോക്ടര്‍ ഓഫ് സയന്‍സ്’ നല്‍കി ആദരിച്ചു. സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നിര്‍വ്വഹിച്ചു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി ചടങ്ങില്‍ സംസാരിച്ചു.

പത്മശ്രീ പുരസ്‌കാര ജേതാവായ ഡോ. എം.ആര്‍ രാജഗോപാല്‍, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആന്റ് ചീഫ് ഫിസിഷ്യന്‍ ഡോ. പി. മാധവന്‍കുട്ടിവാരിയര്‍, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് എന്നിവരെയാണ് ഹോണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ആരോഗ്യ ശാസ്ത്ര സാങ്കേതിക രംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഇവര്‍ക്ക് ഹോണററി ഡോക്ടറേറ്റ് ഡിഗ്രി നല്‍കിയത്.

ബഹിരാകാശത്തെ സാങ്കേതിക വൈദഗ്ധ്യത്തോടെ സമീപിച്ചു ലോക ശ്രദ്ധ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രതിഭയാണ് എസ്. സോമനാഥ് എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ആയിരക്കണക്കിന് രോഗികള്‍ക്ക് സാന്ത്വനമേകുന്ന ചികിത്സാ സമ്പ്രദായം നടപ്പിലാക്കുന്നതിലൂടെ നൂറു കണക്കിന് ഭിഷഗ്വരന്മാരെ പാലിയേറ്റീവ് കെയര്‍ എന്ന ചികിത്സ സംബ്രദായത്തിലേക്ക് ആകര്‍ഷിക്കാന്‍ മുന്‍കൈയ്യെടുത്ത മനുഷ്യസ്‌നേഹിയാണ് ഡോക്ടര്‍ എം.ആര്‍ രാജഗോപാല്‍ ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ തന്നെ ശാസ്ത്രീയമായ ആയുര്‍വേദ പഠനത്തിന് നേതൃത്വം നല്‍കി ആയുര്‍വേദ ശാസ്ത്രത്തിന്റെ പുരാതന – നൂതന സമ്പ്രദായങ്ങളെ കോര്‍ത്തിണക്കി പുത്തനുണര്‍വ് പകര്‍ന്നു ഡോക്ടര്‍ പി. മാധവന്‍കുട്ടി വാരിയര്‍ എന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ അവാര്‍ഡ് ദാനം മുഴുവന്‍ കേരളം ജനതയ്ക്കും വേണ്ടി ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ചെയ്തതാണ് എന്നതില്‍ അഭിമാനിക്കാം എന്നും, അര്‍പ്പണ ബോധമുള്ള ആരോഗ്യ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതില്‍ സര്‍വകലാശാലയുടെ പങ്ക് സ്തുത്യര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദ ജ്ഞാനത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ നേതൃത്വം നല്‍കിയതിനും ആയുര്‍വേദത്തിന്റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനോടൊപ്പം ആയുര്‍വേദത്തെ ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന ചികിത്സാ സമ്പ്രദായമാക്കി മാറ്റുന്നതിനായുള്ള ശ്രമവും കണക്കിലെടുത്താണ് ഡോ. പി. മാധവന്‍കുട്ടിക്ക് സര്‍വ്വകലാശാല ഹോണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചത്.

പത്മശ്രീ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്ന വിശേഷണമുള്ള പാലിയം ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായ ഡോ. എം.ആര്‍ രാജഗോപാല്‍ സാന്ത്വന ചികിത്സയിലൂന്നിയ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

ചന്ദ്രയാന്‍, മംഗള്‍യാന്‍ തുടങ്ങിയ ചരിത്രപരമായ ദൗത്യങ്ങളിലൂടെ മാനവികതയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍ മെച്ചപ്പെടുത്തുന്നത് മുതല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ടെലി മെഡിസിന്‍ കണക്റ്റിവിറ്റി എന്നിവയിലേക്ക് മാനവികതയുടെ പുരോഗതിക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അര്‍പ്പണബോധത്തിനാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

ചടങ്ങില്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‌സലര്‍ പ്രൊഫ. (ഡോ.) സി.പി വിജയന്‍, രജിസ്ട്രാര്‍ പ്രൊ. (ഡോ.) എ.കെ മനോജ്കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ പ്രൊ. (ഡോ.) എസ്. അനില്‍കുമാര്‍, സെനറ്റ്, ജി.സി, എ.സി അംഗങ്ങള്‍, സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!