ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ നക്ഷത്രത്തിൽ നടത്തി വരുന്ന കളഭാഭിഷേകം ആഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കും.ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്.സപരിവാര പൂജയായാണ് കളഭപൂജ നടത്തുന്നത്.
ഉരുളിയിൽ തയ്യാറാക്കിവച്ചിരിക്കുന്ന കളഭം ജലദ്രോണി പൂജക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തിൽ നിറയ്ക്കും.പൂജാവിധികളാൽ ചൈതന്യപൂർണ്ണമാക്കിയ കളഭം രാവിലെ 9 മണിക്ക് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നെള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. തുടർന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിക്കും. ഈ സമയം ദർശനത്തിന് ശ്രേഷ്ഠമാണ്.നമസ്കാര മണ്ഡപത്തിൽ വെച്ചാണ് പൂജകൾ നടത്തുക. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തും.തന്ത്രി കെ പി സി വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.