Channel 17

live

channel17 live

ആറാട്ടുപുഴ തറയ്ക്കൽ പൂരം മാർച്ച് 22ന്

ആറാട്ടുപുഴ ശാസ്താവ് തറയ്ക്കൽ പൂരത്തിൻ നാൾ രാവിലെ എട്ടു മണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എഴുന്നള്ളിച്ചെന്നാൽ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നിൽക്കുന്നു. ആ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനമായി നിലപാട് നിൽക്കുന്നുണ്ടായിരിക്കും.ആനയോട്ടത്തിന് ശേഷം കൊമ്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്കു ശേഷം ത്രിപടയോടു കൂടി പിടിക്കപ്പറമ്പ് ക്ഷേത്രം വലംവെച്ച് തിരിച്ചു വന്ന് ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയുന്നു .

ആറാട്ടുപുഴക്ക് തിരിച്ചെഴുന്നള്ളി പുഴക്കക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം, തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപ്പറകൾ സ്വീകരിക്കുന്നു. ഇവിടങ്ങളില്ലെല്ലാം ചാലുകീറൽ (കൊമ്പുകുത്ത്) ചാടിക്കൊട്ട് എന്നിവ ഉണ്ടായിരിക്കും.ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കുകയായി.

വൈകുന്നേരം നാലുമണിക്ക് ചോരഞ്ചേടത്ത് മന, കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടുന്നു. തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ എന്നിവക്കു ശേഷം തറയ്ക്കൽ പൂരത്തിന് ചെമ്പടയുടെ അകമ്പടിയോടെ എഴുന്നള്ളുകയായി .

ക്ഷേത്രമതിൽക്കകത്ത് ഏകതാളം.

വൈകുന്നേരം 6.30ന് മതിൽ കെട്ടിനു പുറത്തേക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു. കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭയിൽ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പും കോലവും വർണ്ണപ്രഭ ചൊരിയുന്ന കാഴ്ച കൺകുളിർക്കെ കണ്ട് കൈകൂപ്പാൻ ഭക്തജനസഹ്രസങ്ങൾ ക്ഷേത്രങ്കണത്തിൽ തിങ്ങി നിറയുന്നു .150ൽ പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം 9.30ന് കൊട്ടി കലാശിക്കും.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ശാസ്താവിൻ്റെ തിടമ്പേറ്റും.

ഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻ കുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ തിരുമുമ്പിൽ നടക്കുന്ന പാണ്ടി മേളത്തിന് പ്രമാണിമാരാകും.

തറയ്ക്കൽ പൂരത്തിനു മിഴിവേകി പടിഞ്ഞാറു നിന്ന് ഊരകത്തമ്മ തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നള്ളും.ഊരകത്തമ്മ തിരുവടിക്ക് പഞ്ചാരി മേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടി മേളവും അകമ്പടിയായിട്ടുണ്ടാകും.

മേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. എഴുന്നള്ളിപ്പുകൾക്കു മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനുശേഷം അരി നിറക്കും. തിരുമേനിമാർ വട്ടമിട്ടിരിക്കും. 3 ക്ഷേത്രങ്ങളിലേയും അടിയന്തിരക്കാർ 9 തവണ ശംഖ് വിളിച്ച് വലന്തലയിൽ മേളം കൊട്ടിവെക്കുന്ന ചടങ്ങാണ് പിന്നീട്.

തൊട്ടിപ്പാൾ ഭഗവതി ശാസ്താവിനും ഊരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനും ഊരകത്തമ്മ തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടമ്പ് മനയിലേക്കും യാത്രയാകുന്നു.
പറയെടുപ്പിനു ശേഷമാണ് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നത്.

രാത്രി 12 മണിക്ക് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെളളും. വഴി മദ്ധ്യേ ശാസ്താവിന് കീഴോട്ടുകര മനക്കൽ ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ പോയി ഇറക്കി എഴുന്നെള്ളിക്കുന്നു. അവിടെ വെച്ച് ശാസ്താവിന് ഉപചാരം.

സർവ്വാഭിവൃദ്ധികളും ഐശ്വര്യങ്ങളും നൽകി പ്രസാദിച്ചനുഗ്രഹിക്കുന്ന ആറാട്ടുപുഴ ശാസ്താവിന്റെ കൃപാകടാക്ഷത്തിനായി ആയിരങ്ങൾ ശാസ്താവിന്റെ തിരുമുമ്പിൽ തറക്കൽ പൂരം ദിവസം കൂട്ടപ്പറ നിറക്കുന്നു.

വൈകുന്നേരം 6.30ന് തറയ്ക്കൽ പൂരത്തിന് എഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുമ്പോൾ കൂട്ടപ്പറ നിറക്കൽ ആരംഭിക്കുന്നു. ഭക്തിനിർഭരമായ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ എം കെ സുദർശൻ പറനിറച്ചു കൊണ്ട് തുടക്കം കുറിക്കും. ദേവസ്വം മെമ്പർമാരും അധികാരികളും ഭക്തജനങ്ങളോടൊപ്പം പറനിറക്കും.

നെല്ല്, അരി, മലർ, ശർക്കര, പഞ്ചസാര, എള്ള്, പൂവ്, എന്നിവ സാധനങ്ങളായോ വിലത്തരമായോ നിറക്കുന്നതിന് വേണ്ടതായ സൗകര്യങ്ങൾ ക്ഷേത്രനടയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.പറ നിറക്കുന്നതിന് വേണ്ട രശീതികൾ ആറാട്ടുപുഴ ദേവസ്വം ഓഫീസിൽ നിന്നും മുൻകുട്ടി ലഭിക്കും.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!