ചേർപ്പ്: ഇക്കൊല്ലത്തെ ആറാട്ടുപുഴ പൂരത്തിന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്ത്വത്തിൽ 500-ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതായി അറിയിച്ചു. ചരിത്രപ്രസിദ്ധവും ഒപ്പം ഏറ്റവും പുരാതന ക്ഷേത്രോത്സവവുമെന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് നാളെ (ഏപ്രിൽ 3) കൊടിയേറും. പ്രൌഢഗംഭീരമായ ആറാട്ടുപുഴ പൂരം ഏപ്രിൽ 9-നാണ്. 2025 ലെ ആറാട്ടുപുഴ പൂരത്തിനോടനുബന്ധിച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മികച്ച സുരക്ഷാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ആറാട്ടുപുഴ പൂരത്തിൻെറ പ്രാധാന്യം കണക്കിലെടുത്തും, പൂരത്തോടനുബന്ധിച്ച് വിവിധ ദേശങ്ങളിൽ നിന്നുമെത്തുന്ന ആനപുരങ്ങളുടെ വരവും, തിരക്ക് നിയന്ത്രണാതീതമാകുന്ന സ്ഥലങ്ങളും സമയവും വിലയിരുത്തിയും കൃത്യമായ സുരക്ഷാ സംവിധാനമാണ് ഇത്തവണ തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശത്തിൽ ഒരുക്കിയിരിക്കുന്നത്.
ആറാട്ടുപുഴ ചേർപ്പ് പരിസരം പൂരത്തോടനുബന്ധിച്ച് അസാധാരണമായ തിരക്ക് ഉണ്ടാകുന്നതാണ്. വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം ദർശിക്കുന്നതിന് വിവിധ ജില്ലകളിൽ നിന്ന് വളരെയധികം ജനങ്ങൾ എത്തുന്നത് പതിവാണ്. തിരക്ക് നിയന്ത്രണം, ആചാരപരമായ ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക് സുരക്ഷിതമായി പങ്കെടുക്കാനുള്ള സൗകര്യങ്ങൾ, ദർശന സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക ശ്രദ്ധ നൽകിയിട്ടുള്ളതും, വനിതാ പോലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചിട്ടുള്ളതുമാണ്. കൂടാതെ പിങ്ക് പോലീസിന്റെ സേവനവും ലഭ്യമാകുന്നതാണ്. വാഹനപാർക്കിംഗിന് പ്രത്യേകമായി സ്ഥലങ്ങൾ കണ്ടെത്തി സൗകര്യങ്ങൾ ഏർപ്പെടുത്തുകയും, പാർക്കിംഗ് ഫലവത്തായി നടപ്പാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും റൂറൽ പോലീസിൻെറ മൊബൈൽ, ബൈക്ക് പട്രോളിംഗ് സംവിധാനം സജ്ജമാണ്. ആനകളെ കൃത്യമായി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും, പ്രത്യേക ശ്രദ്ധ നൽകി ജനസുരക്ഷ ഉറപ്പു വരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും അനധികൃത മദ്യവിൽപ്പന, ലഹരി വിപണനം എന്നിവ തടയാനും DANSAF, മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ: ഡ്രോൺ നിരീക്ഷണം 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം CCTV സർവൈലൻസ് ഗതാഗത നിയന്ത്രണത്തിനായി മൊബൈൽ, ബൈക്ക് പട്രോളിംഗ് കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പോലീസ് സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പോലീസ് ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം ആനപരിപാലന നിർദ്ദേശങ്ങൾ ഉറപ്പുവരുത്തുന്നതിന് പ്രത്യേക ടീം. 24 മണിക്കൂർ പോലീസ് സുരക്ഷ സംവിധാനത്തിന് പുറമേ, ആംബുലൻസ് സൗകര്യം, മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
ആറാട്ടുപുഴ പൂരം നാളെ കൊടിയേറ്റം; പൂരം ഏപ്രിൽ 9-ന് ശക്തമായ സുരക്ഷ ഒരുക്കി തൃശ്ശൂർ റൂറൽ പോലീസ്സുരക്ഷയ്ക്കായി ഡ്രോൺ നിരീക്ഷണവും
