ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സൺ എന്നയാളുടെ വീടിന്റെ മുകളിലെ തട്ടിൽ ഉണക്കാൻ ഇട്ടിരുന്ന ഏകദേശം 25000 രൂപ വില വരുന്ന ജാതിക്ക 2/7/25 ന് ഉച്ചയോടെ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും 3/7/25 തീയതി രാവിലെ കുഴിക്കാട്ടുശ്ശേരി മഷിക്കുളത്തിനു സമീപത്തുള്ള റോഡ് സൈഡിൽ വെച്ചിരുന്നതും താഴെക്കാട് കുഴിക്കാട്ടുശ്ശേരി കണ്ണംകാട്ടിൽ വീട്ടിൽ അജയ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതുമായ സ്കൂട്ടർ മോഷണം നടത്തിയ സംഭവത്തിലും ഇരിങ്ങാലക്കുട വേളൂക്കര വില്ലേജിൽ വെളയനാട് തറയിൽ വീട്ടിൽ, ഇളമനസ് എന്ന് വിളിക്കുന്ന റിജു (26വയസ്സ്) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.
മോഷ്ടാവിനെ കണ്ടെത്തുന്നതിന് സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ ജാതിക്ക കളവ് നടത്തിയ ആൾ തന്നെയാണ് ഈ സ്കൂട്ടറിൽ കറങ്ങി നടക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ വരദനാട് എന്ന സ്ഥലത്തു നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. റിജുവിനെ ചോദ്യം ചെയ്തതിൽ 9.6.2025 ൽ മാള പുത്തൻചിറയിൽ മാള ഫെറോനപള്ളി കോമ്പൌണ്ടിൽ നിന്നും ചിറയത്ത് സേവ്യറിന്റെ ബൈക്ക് മോഷണം നടത്തിയതും റിജുവാണെന്ന് അറിവായിട്ടുണ്ട്.
മൊബൈൽ ഫോൺ, ബൈക്ക് മോഷണം അടക്കം നിരവധി മോഷണ കേസുകളിലെ പ്രതിയായ റിജു. റിജുവിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 6 മോഷണ കേസുകളും മാള പോലീസ് സ്റ്റേഷനിൽ 2 മോഷണ കേസുകളും മതിലകം, മെഡിക്കൽ കോളേജ്, പുതുക്കാട്, ചേർപ്പ്, തൃശ്ശൂർ വെസ്റ്റ് വിയ്യൂർ പോലീസ് സ്റ്റേഷനുകളിൽ ഓരോ മോഷണകേസുകളും അടക്കം 15 ക്രിമിനൽ കേസുകളുണ്ട്. ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ B, സബ്ബ് ഇൻസ്പെക്ടർ സുരേന്ദ്രൻ, പ്രൊബേഷൻ എസ് ഐ ജിഷ്ണു , സിവിൽ പോലീസ് ഓഫീസർമാരായ ആഷിക്, അനീഷ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.