ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെമ്പുക്കാവ് ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്സ് പ്രിന്‍സ് നിര്‍വഹിച്ചു.
വിദ്യാലയങ്ങളില്‍ ആരോഗ്യ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കുട്ടി ഡോക്ടര്‍മാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടമായി ജില്ലയിലെ 4 ബ്ലോക്കുകളില്‍ (പെരിഞ്ഞനം, തളിക്കുളം വെള്ളാനിക്കര, എരുമപ്പെട്ടി ) നിന്നും തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കി സജ്ജരാക്കുക. പരിശീലന പരിപാടിയുടെ ആദ്യഘട്ടം ജില്ലാതലത്തിലും പിന്നീട് ബ്ലോക്കുതലത്തിലുമാണ് സംഘടിപ്പിക്കുക.
ജില്ലാതല പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെമ്പുക്കാവ് ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്സ് പ്രിന്‍സ് നിര്‍വഹിച്ചു. കുട്ടി ഡോക്ടര്‍മാരെ ബാഡ്ജ് അണിയിക്കുകയും, പിയര്‍ എഡ്യൂക്കേറ്റര്‍ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം. എല്‍ റോസി അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജീവ് കുമാര്‍ പി വിഷയാവതരണം നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് റൂബി പി എ എന്നിവര്‍ ആശംസകളേകി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ മിനി വി കെ സ്വാഗതം ആശംസിച്ചു. ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ ശ്രീജിത്ത് എച്ച് ദാസ് നന്ദി പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച ജില്ലാതല പരിശീലന പരിപാടിയില്‍ കുട്ടി ഡോക്ടര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ സംബന്ധിച്ച ക്ലാസ്സ്, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്, ലഹരി വിരുദ്ധ വിഷയത്തില്‍ മാജിക്ക് ഷോ, വെന്‍ട്രിലോക്കിസം, വിവിധ ബോധവത്ക്കരണ ഗേമുകള്‍, റോള്‍ പ്ലേ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ജില്ലാതലത്തിന് ശേഷം 6 ഘട്ടമായി ബ്ലോക്ക്തലത്തില്‍ പരിശീലനം പൂര്‍ത്തീകരിച്ചാല്‍ കുട്ടി ഡോക്ടര്‍മാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കും.