മാളയില്‍ വേറിട്ട രീതിയില്‍ വാണിജ്യ അടിസ്ഥാനത്തിൽ മുളകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് മാളയിലെ പൊതുപ്രവർത്തകനും കർഷകനുമായ ഷാൻ്റി ജോസഫ് തട്ടകത്ത്.
മാളഃ ഇന്ന് ലോക മുളദിനം. ഈ സാഹചര്യത്തില്‍ മാളയില്‍ വേറിട്ട രീതിയില്‍ വാണിജ്യ അടിസ്ഥാനത്തിൽ മുളകൃഷി ചെയ്യാൻ ഒരുങ്ങുകയാണ് മാളയിലെ പൊതുപ്രവർത്തകനും കർഷകനുമായ ഷാൻ്റി ജോസഫ് തട്ടകത്ത്. കഴിഞ്ഞ അഞ്ച് വർഷമായി എല്ലാ വർഷവും മുള തൈകൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. വ്യത്യസ്ഥ കാലയളവിൽ വിളവെടുക്കുന്നതിനായാണ് എല്ലാവർഷവും നിശ്ചിത എണ്ണം വിതം വെച്ചു പിടിപ്പിക്കുന്നത്.
പുതിയതായി അഞ്ച് ഏക്കർ സ്ഥലത്താണ് മുളകൃഷി ചെയ്യാൻ ഒരുങ്ങുന്നത്. അതിനായി 600ൽ പരം മുള തൈകൾ ഒരുക്കിയിരിക്കുന്നു. തൻ്റെ പറമ്പിലെ മുളകളിൽ നിന്നും അരിശേഖരിച്ച് മുളപ്പിച്ചാണ് തൈകൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ഇനം മുളകൾ തൻ്റെ താമസസ്ഥലത്ത് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിൽ പറ മുളയും തോട്ടിമുളയും മുള്ളില്ലാത്ത കല്ലൻമുളയും മഞ്ഞ മുളയും നാടൻ മുളയും ഉൾപ്പെടും. നിരവധി പേർ ഇരുമ്പു തോട്ടി ഉപയോഗിച്ച് ചക്കയും മാങ്ങയും മറ്റും പറിച്ച് വൈദ്യുതിയാഘാതം സംഭവിക്കാറുണ്ട്. അതിനു പരിഹാരമായി ഉപയോഗിക്കാനാണ് തോട്ടി മുള വെച്ചുപിടിപ്പിച്ചതെന്ന് ഷാൻ്റി ജോസഫ് പറഞ്ഞു. ഒരിഞ്ച് പൈപ്പിൻ്റെ വണ്ണവും 30 അടിയിൽ പരം ഉയരവുള്ള തോട്ടി മുളകൾ തോട്ടിയായി ഉപയോഗിക്കാൻ ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്നുണ്ട്.
വർഷങ്ങൾക്ക് മുന്‍പ് വെച്ചുപിടിപ്പിച്ച നാടൻ മുളകൾക്ക് പ്രദേശികമായി വിൽപ്പന നടത്തിയിട്ട് രണ്ട് ലക്ഷം രൂപ ലഭിച്ചെന്നും മുളയിൽ നിന്നും കൂടുതൽ ആദായം ലഭിക്കുമെന്ന ബോധ്യമുള്ളതിനാലാണ് കൂടുതൽ സ്ഥലത്ത് മുളകൃഷി ചെയ്യാൻ തയ്യാറായതെന്ന് ഷാൻ്റി ജോസഫ് തട്ടകത്ത് പറഞ്ഞു.