കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.
കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.അടുത്ത അധ്യയന വർഷ ആരംഭത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടത്തിൽ പഠിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മുഹമ്മദ് ഗസാലി എന്നിവർ മുഖ്യതിഥികളായി.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശുഭ ജയൻ , മൻസൂർ അലി, സാലിഹ ഷൗക്കത്ത് , ബ്ലോക്ക് പഞ്ചായത്ത് അംഗം മിസിരിയ മുസ്താക്കലി ,വാർഡ് മെമ്പർ പ്രസന്ന ചന്ദ്രൻ ,ചാവക്കാട് എഇഒ രവീന്ദ്രൻ , സ്കൂൾ പിടിഎ പ്രസിഡന്റ് ദിലീപ് അമ്പലപറമ്പിൽ , എംപിടിഎ അംഗം രേഷ്മ, ചാവക്കാട് ബിപിസി ഷൈജു, പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിനിത ടീച്ചർ നന്ദിയും പറഞ്ഞു. പൊതു മരാമത്ത് വിഭാഗം (ബിൽഡിങ്ങ്സ്) എക്സി. എഞ്ചിനീയർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ കെ അക്ബർ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 99.5 ലക്ഷം രൂപ ചെലവഴിച്ചാണ് 2563.13 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലാണ് നിർമ്മാണ ചുമതല. മൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, ടോയ് ലെറ്റ് ,വരാന്ത, ഭിന്നശേഷിക്കാർക്കായി റാംപ് എന്നീ സൗകര്യങ്ങളും കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ത് മാസമാണ് പൂർത്തീകരണ കാലാവധി.
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇരട്ടപ്പുഴ ഗവ. സ്കൂളിന് സ്വന്തമായി കെട്ടിടമെന്ന ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്. പാവപ്പെട്ട മത്സ്യതൊഴിലാളി വിഭാഗത്തിലെ കുട്ടികളാണ് 98 വർഷം പഴക്കമുള്ള വിദ്യാലയത്തിലെ ഭൂരിഭാഗം പഠിതാക്കളും.