Channel 17

live

channel17 live

ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീതിന്യായ സമുച്ചയമായി മാറാനൊരുങ്ങുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് ഫെബ്രുവരി 10ന് തുടക്കമായി. രാവിലെ 10 മണിക്ക് മന്ത്രി ഡോ ബിന്ദു നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു.

64 കോടി രൂപയുടെ നിർമ്മാണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. 1,68,555 ചതുരശ്ര അടിയിൽ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂർത്തിയാകുന്നത്.

അടിയിലെ നിലയിൽ ജഡ്ജിമാർക്കുള്ള പ്രത്യേക പാർക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തിൽ റെക്കോർഡ് റൂം, തൊണ്ടി മുറികൾ, ഇലക്ട്രിക് സബ് സ്റ്റേഷൻ, ജനറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്‌ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറൻ്റ് റെക്കോർഡ്‌സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെൻ്റ് നിലയിൽ കാന്റീൻ സൗകര്യവുമുണ്ടാകും.

ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികളും ഉണ്ടായിരിക്കും. നിർമ്മാണോദ്‌ഘാടന ചടങ്ങിൽ എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ബാർ അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!