ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന ‘മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍’ പരിപാടിയുടെ 16-ാം അദ്ധ്യായത്തില്‍ ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും നേരിടുന്ന യാത്രാ പ്രശ്‌നവും സ്‌കൂളിലെ അടിസ്ഥാന വികസനവും ഗ്രൗണ്ട് നവീകരണവും കായിക അധ്യാപകന്റെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ലാബിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹായം നല്‍കണമെന്നും കളക്ടറോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി പ്രഥമ ശുശ്രൂഷ, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്‍കണമെന്നും കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാ ചോദ്യങ്ങളും ക്ഷമയോടെ കേട്ടിരുന്ന കളക്ടര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു.
ഭാവിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് പരീക്ഷയെക്കുറിച്ചും അതിനുവേണ്ടി എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ചും കളക്ടര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. കളക്ടറെ സ്‌കൂളിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു ദിവസം സ്‌കൂളിലേക്ക് വരുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഒരുമണിക്കൂറോളം നീണ്ട സംവാദത്തിനൊടുവില്‍ കളക്ടറോടൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്ത് വളരെ സന്തോഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ തിരികെ പോയത്. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ക്ലാസുകളിലെ 23 വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍ എം.കെ മുരളി, അധ്യാപികയായ കെ.ബി മഞ്ജു എന്നിവരുമാണ് മുഖാമുഖത്തില്‍ പങ്കെടുത്തത്.