Channel 17

live

channel17 live

ഇ.കെ.ദിവാകരൻ പോറ്റി സ്മാരക ഗ്രാമിക പുരസ്കാരം മാങ്ങാട്രത്നാകരന്

പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ഐക്യകേരള സമരത്തിലെ മുന്നണി പോരാളിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഏർപ്പെടുത്തിയ വിവർത്തന സാഹിത്യ പുരസ്കാരം മാങ്ങാട് രത്നാകരന് നൽകുന്നു. ഭാവുകത്വത്തെ നിരന്തരം നവീകരിക്കുന്നതിന് വിവർത്തനകലയെ ഉപയോഗിച്ച മാങ്ങാട് രത്നാകരനോടുള്ള ആദരവാണ് ഈ പുരസ്കാരം.

മലയാള ഭാഷയും സംസ്കാരവും നിരന്തരമായി വികസിക്കണമെങ്കിൽ മറ്റു ഭാഷകളും സംസ്കാരങ്ങളുമായുള്ള ഇടപെടൽ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് രത്നാകരൻ. നോവലും കവിതയും ചലച്ചിത്രകാരരുടെ കുറിപ്പുകളും ലേഖനങ്ങളും യാത്രാക്കുറിപ്പുകളും അദ്ദേഹത്തിൻ്റെ വിവർത്തന സഞ്ചയത്തിൽപ്പെടും. ബുക്കർ സമ്മാനാർഹമായ ഡേവിഡ് ദിയോപ്പിൻ്റെ ‘രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ്’, മാർക്കേസിൻ്റെ അവസാന നോവൽ ‘ആഗസ്തിൽ കാണാം’, മാർക്കേസിൻ്റെ മകനായ റോദ്രിഗോ ഗാർസിയ എഴുതിയ ‘ഗാബോയ്ക്കും മെർസഡസിനും ഒരു യാത്രാമൊഴി’ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പ്രധാന വിവർത്തന കൃതികൾ. ഗ്രാംഷി, ഓർഹാൻ പാമുക്ക്, നെരൂദ, ബ്രെഹ്ത്, നിക്കനോർ പാർറ, ബർണാഡ് മാലമൂദ്, ഹൂലിയോ കോർത്തസാർ, പസ്സോളിനി തുടങ്ങിയ പ്രമുഖ എഴുത്തുകാരുടെ രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കവിയും യാത്രാ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും ഡോക്യുമെൻ്ററി സംവിധായകനും കൂടിയാണ് രത്നാകരൻ. കാസർകോട് ജില്ലയിലെ ബാരാ സ്വദേശിയാണ്. ഏഷ്യാനെറ്റിലും ഇന്ത്യ ടുഡേയിലും മാധ്യമ പ്രവർത്തകനായിരുന്നു. വിരമിച്ച ശേഷം തിരുവനന്തപുരത്ത് താമസിക്കുന്നു.

ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദിവാകരൻ പോറ്റിയുടെ പത്തൊമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് 2024 ജൂലൈ 27ന് കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽവെച്ച് കെ.സച്ചിദാനന്ദൻ പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും. പി.എൻ.ഗോപീകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ‘ഇന്ത്യൻ ജനാധിപത്യത്തിൻെറ വർത്തമാനം’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും. കെ.സച്ചിദാനന്ദൻ, ഡോ.ഇ.വി.രാമകൃഷ്ണൻ,പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ അടങ്ങുന്ന ജഡ്ജിങ്ങ് കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദിവാകരൻ പോറ്റിയുടെ കുടുംബത്തിൻ്റെ സഹകരണത്തോടെയാണ് ഗ്രാമിക പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ :കെ.സച്ചിദാനന്ദൻ (പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ) പി.എൻ.ഗോപീകൃഷ്ണൻ (പുരസ്കാര നിർണ്ണയ സമിതി അംഗം) പി.കെ.കിട്ടൻ (പ്രസിഡണ്ട്, ഗ്രാമിക) സി.മുകുന്ദൻ(ട്രഷറർ, ഗ്രാമിക)ഇ.കൃഷ്ണാനന്ദൻ (ദിവാകരൻ പോറ്റിയുടെ മകൻ)

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!