തൃശ്ശൂരില്‍ നടക്കുന്ന തൊഴില്‍ പൂരം മെഗാ ജോബ് ഫെയറിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പരിശീലനങ്ങള്‍ക്ക് തുടക്കമായി. വിദ്യഭ്യാസയോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് തൊഴില്‍ ലഭ്യമാകുന്ന, തൊഴില്‍ രഹിതരില്ലാത്ത വിജ്ഞാന തൃശ്ശൂരിനായി നാടും സര്‍ക്കാര്‍ സംവിധാനങ്ങളും കൈക്കോര്‍ത്ത് മുന്നേറുകയാണ്. ജില്ലയിലെ 24 ജോബ് സ്റ്റേഷനുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ ആരംഭിച്ചു. ഏപ്രില്‍ 25 വരെ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടിയിലൂടെ ആവശ്യമായ പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ഇംഗ്ലീഷ് നൈപുണ്യ വികസനം, അഭിമുഖ പരിശീലനം, റെസ്യൂം തയ്യാറാക്കല്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഡവലപ്‌മെന്റ് എന്നീ പരിശീലനങ്ങള്‍ നല്‍കും. അസാപ്പ് സര്‍ട്ടിഫൈഡ് ട്രെയിനര്‍മാര്‍ ഉദ്യോഗാര്‍ത്ഥികളുടെ വിദ്യഭ്യാസയോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് തെരഞ്ഞെടുക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട അഭിമുഖത്തിനുള്ള വിദഗ്ധ പരിശീലനമാണ് നല്‍കുന്നത്.
പരിശീലനങ്ങള്‍ക്ക് വിജ്ഞാന കേരളം കണ്‍സള്‍ട്ടന്റ് ഡോ. പി. സരിന്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനൂപ് കിഷോര്‍, അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ് കെ.ബി സുമേഷ്, കെ-ഡിസ്‌ക് അസോസിയേറ്റ് ഡയറക്ടര്‍ ബിനീഷ് ജോര്‍ജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ സിതാര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.