Channel 17

live

channel17 live

ഊരകം പല്ലിശ്ശേരി ഇരട്ടക്കൊല,പ്രതിയ്ക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും ഇരുപത് ലക്ഷത്തിൽപരം പിഴയും ശിക്ഷ

റോഡരികിലിട്ട് കാർ റിപ്പയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ പല്ലിശ്ശരി സ്വദേശി ചന്ദ്രനേയും മകൻ ജിതിൻകുമാറിനേയും കുത്തി കൊലപ്പെടുത്തിയ കേസിൽ, പ്രതി പല്ലിശ്ശേരി സ്വദേശിയായ കിഴക്കൂടൻവീട്ടിൽ 62 വയസ്സുള്ള വേലപ്പനെ, വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും തടവിനും ഇരുപത് ലക്ഷത്തി അമ്പതിനായിരത്തി അഞ്ഞൂറ് രൂപ പിഴ അടയ്ക്കുന്നതിനും തൃശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്പെഷ്യൽ കോടതി ജഡ്ജ് K. കമനീസ് ശിക്ഷ വിധിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. പിഴ അടയ്ക്കാത്ത പക്ഷം നാലര വർഷവും ഒരാഴ്ചയും അധിക തടവ് അനുഭവിക്കേണ്ടി വരും . പിഴയടയ്ക്കുന്ന പക്ഷം, പിഴ സംഖ്യയിൽ നിന്ന് പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ട ജിതിൻകുമാറിന്റെ ഭാര്യ നീനുവിനും അഞ്ച് ലക്ഷം രൂപ കൊല്ലപ്പെട്ട ചന്ദ്രന്റെ ഭാര്യ രാധയ്ക്കും നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.

ചേർപ്പ് പോലിസ് സ്റ്റേഷൻപരിധിയിലെ പല്ലിശ്ശേരിയിൽ 2022 നവംബർ 28 ന് രാത്രി 10.45 മണിയോടെയായിരുന്നു രണ്ട് കുടുംബങ്ങളെ അനാഥമാക്കിയ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. വാഹനങ്ങളിൽ സൌണ്ട് സിസ്റ്റങ്ങൾ ഘടിപ്പിക്കുന്ന ജോലി ചെയ്തിരുന്ന ജിതിൻകുമാർ, തന്റെ വീട്ടിലേക്കുള്ള റോഡരികിലിട്ട് ഒരു കാറിൽ ആംപ്ലിഫയർ ഫിറ്റ് ചെയ്യുമ്പോൾ ആ വഴി വന്ന പരിസരവാസിയായ പ്രതി വേലപ്പൻ, കാർ റോഡരികിലിട്ട് നന്നാക്കുവാൻപറ്റില്ല എന്ന് പറഞ്ഞ് പോയി അൽപ്പ സമയത്തിനുള്ളിൽ തിരിച്ച് വന്ന് ജിതിൻകുമാറുമായി വാക് തർക്കത്തിലേർപ്പെടുകയും, ശേഷം തന്റെ വീട്ടിലേക്ക് പോയി കത്തി എടുത്തുകൊണ്ട് വന്ന് ജിതിൻ കുമാറിനേയും വാക് തർക്കം നടക്കുന്നതറിഞ്ഞ് അവിടേയ്ക്കെത്തി ചേർന്നിരുന്ന അച്ഛൻ ചന്ദ്രനേയും കുത്തി കൊലപ്പെടുത്തുകയായിരുന്നു.

2008 ൽ ചേർപ്പ് ഗവ. ആശുപത്രിയിൽ വച്ച് ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ചേർപ്പ് പോലിസ് സ്റ്റേഷനിലെ റക്ഖഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് പ്രതി വേലപ്പൻ. ചേർപ്പ് പോലിസ് സ്റ്റേഷൻസബ് ഇൻസ്പെക്ടർ ആയിരുന്ന ജെയ്സൺ.J FIR രജിസ്റ്റർ ചെയ്ത കേസിൽ, ഇൻസ്പെക്ടർ T.V. ഷിബു തുടക്കം മുതലുള്ള അന്വേഷണം നടത്തുകയും അന്നത്തെ ഇരിങ്ങാലക്കുട DYSP ബാബു. K. തോമസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ്കുമാർ .T.G, സുമൽ. M, എ എസ് ഐ സരസപ്പൻ.P.A എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസ് വിസ്താര വേളയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് ലെയ്സൺ ഓഫിസറായ എ എസ് ഐ സിജിത്ത്. E.S ആണ്.

കേസിലെ തെളിവിലേക്കായി, ചേർപ്പ് പോലിസ് ഹാജരാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്ന 70 സാക്ഷികൾ കൂടാതെ പ്രാസിക്യൂഷൻ ഭാഗത്ത് നിന്ന് ഹാജരാക്കിയ 4 സാക്ഷികൾ ഉൾപ്പെടെ 74 സാക്ഷികളിൽ 56 സാക്ഷികളെ വിസ്തരിക്കുകയും 69 രേഖകളും 9 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കൊലപാതക കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമ പ്രകാരവുമുള്ള കുറ്റങ്ങളും ചെയ്ത പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന, പ്രൊസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. A.K.കൃഷ്ണന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

https://www.youtube.com/@channel17.online/featured

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!