എടവിലങ്ങ് : ഒരുകാലത്ത് തീരദേശത്തിന്റെ പട്ടിണി മാറ്റിയിരുന്നതും സ്ത്രീകൾക്ക് സാമ്പത്തികഭദ്രതയും ഉറപ്പുവരുത്തിയിരുന്ന തഴപ്പായ നെയ്ത്ത് വ്യവസായം കൂടുതൽ ജനകീയമാക്കുന്നതിനും തഴപ്പായ ഉപയോഗിച്ച് മറ്റു കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിനും കേരളത്തിലെ തന്നെ ഏറ്റവും വലിയ തഴപ്പായ വ്യവസായ മാർക്കറ്റ് കൂടുതൽ ജനകീയമാക്കുന്നതിനുമായി പദ്ധതികൾ രൂപീകരിക്കുമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ വകുപ്പിന്റെ കീഴിലെ ട്രെയിനിങ് സെന്ററുകളുടെയും കിഡ്സ് കോട്ടപ്പുറം ട്രെയിനിങ് സെന്ററിന്റെയും
സേവനം ആവശ്യപ്പെടും, മണ്ണുത്തി സർവകലാശാലയുമായി കൂടിയാലോചിച്ച് മുള്ള് ഇല്ലാത്തതോ മുള്ളിന് കരുത്തില്ലാത്തതോ ആയ കൈതോലകളെ വികസിപ്പിച്ചെടുക്കും, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പെരുന്തോടുകളുടെയും മറ്റു അനുയോജ്യമായ സ്ഥലങ്ങളിലും കൈതോല കൃഷി ആരംഭിക്കും ഇതിനായി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമിതിയും രൂപീകരിച്ച് ഗ്രാമ പഞ്ചായത്ത് കോംപ്ലക്സ് കെട്ടിടത്തിൽ വിദ്യാർത്ഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകും, തഴപ്പായ വ്യവസായം പുനരധിവസിപ്പിക്കാൻ സർക്കാർ അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിക്കുന്നതിനെ കുറിച്ച് ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ, വൈസ് പ്രസിഡണ്ട് സന്തോഷ് കോരുചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ആർ കൈലാസൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, വാർഡ് മെമ്പർമാരായ കെ കെ മോഹനൻ, വിപിൻദാസ്, എം ആർ ഹരിദാസൻ, ഗിരീഷ് വി ജി, തൃശ്ശൂർ ജില്ലാ വ്യവസായ ഓഫീസർ ജിഷ കെ എസ്, മറ്റു ഉദ്ദ്യേഗസ്ഥരായ സുധീഷ് കെ എസ്, സംഗീത് പി ജെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എടവിലങ്ങിന്റെ തഴപ്പായ വ്യവസായത്തിന് കൂടുതൽ കരുത്തേകും എം എൽ എ
