Channel 17

live

channel17 live

എന്‍എസ്എസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു

കേരള സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം തൃശ്ശൂര്‍ ക്ലസ്റ്റര്‍തല ‘ചാരെ’ പദ്ധതിയുടെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വിയ്യൂര്‍ ജില്ലാ ജയില്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍.പി രതീഷ് മന്ത്രിയില്‍ നിന്നും 5000 രൂപയുടെ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നോട്ട്ബുക്ക് ചലഞ്ചിലൂടെ സമാഹരിച്ച തുകയില്‍ നിന്നാണ് പുസ്തകങ്ങളും അലമാരയും ആദ്യഘട്ടമായി ജില്ലാ ജയിലിലേക്കായി നല്‍കിയത്.

ജയിലില്‍ വായനാശീലം മുന്നോട്ടു കൊണ്ടുപോകാനും വായനയിലൂടെ അന്തേവാസികള്‍ക്ക് അറിവുണ്ടാക്കാന്‍ വഴിയൊരുക്കുന്നതും വളരെ നല്ല പ്രവര്‍ത്തനമാണെന്ന് മന്ത്രി പറഞ്ഞു. ഓരോ വ്യക്തികളും ഓരോ പാഠപുസ്തകങ്ങളാണെന്നും അവരെ അടുത്തറിയാനും സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങി പ്രവര്‍ത്തിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും സമൂഹത്തില്‍ സാമ്പത്തികമായും മാനസികമായും പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ എന്‍എസ്എസ് ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

2024-25 വര്‍ഷത്തില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചു നടപ്പാക്കുന്ന ‘ചാരെ’ പദ്ധതി സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, നിര്‍ധനര്‍ക്കും നിരാലംബരുമായ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കിടപ്പു രോഗികള്‍ക്കും ആശ്വാസം പകരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിമെന്‍ഷ്യ സെന്ററിലേക്കും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിവിധ സെന്ററുകളിലേക്കും മറ്റ് പൊതു സ്ഥാപനങ്ങളിലേക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഡിമെന്‍ഷ്യ ബാധിതര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്നതിനും പരിഗണന നല്‍കുന്നതിനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാനും ലക്ഷ്യമിടുന്നു.

തൃശ്ശൂര്‍ ജില്ലാ ജയിലില്‍ നടന്ന പരിപാടിയില്‍ എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ എം.വി പ്രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍.പി രതീഷ്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ടി.പി സൂര്യ, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ സുഭാഷ് മാത്യു, ഇ.ആര്‍ രേഖ, വിവിധ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ജയില്‍ അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!