Channel 17

live

channel17 live

എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നല്‍കി

പുരസ്‌കാരദാന ചടങ്ങ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ പിന്തുണയാണ് നാഷണല്‍ സര്‍വീസ് സ്‌കീം നല്‍കുന്നതെന്ന് മന്ത്രി. എന്‍എസ്എസ് സംസ്ഥാന പുരസ്‌കാരദാന ചടങ്ങ് തൃശ്ശൂര്‍ വിമല കോളേജില്‍ നടന്നു. 2021-2022 വര്‍ഷത്തിലെ പുരസ്‌കാരവിതരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. എക്കാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് എന്‍എസ്എസ് കാഴ്ചവച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്ള എന്‍എസ്എസിന്റെ ശ്ലാഖനീയപങ്കാളിത്തം സര്‍ക്കാരിനും സാമൂഹ്യനീതി വകുപ്പിനും വലിയ പിന്തുണയാണ് നല്‍കുന്നത്.

ലഹരിക്കെതിരായ പോരാട്ടങ്ങള്‍, മാലിന്യ മുക്തിയ്ക്കായി സ്‌നേഹാരാമം, സ്‌നേഹ വീടുകളുടെ നിര്‍മ്മാണം, ദത്തു ഗ്രാമങ്ങള്‍ക്കുള്ള സഹായങ്ങള്‍, ജീവകാരുണ്യപ്രദവും മാനുഷിക മൂല്യമുയര്‍ത്തിപ്പിടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എണ്ണമറ്റ മാതൃകാ പ്രവര്‍ത്തനങ്ങളെ മന്ത്രി അനുമോദിച്ചു. സംസ്ഥാനത്തുടനീളമായി 3500 യൂണിറ്റുകളിലായി മൂന്നര ലക്ഷത്തോളം പ്രവര്‍ത്തകര്‍ എന്നുള്ളത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മികച്ച ഡയറക്ടറേറ്റിനുള്ള പുരസ്‌കാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഏറ്റുവാങ്ങി. മികച്ച സര്‍വകലാശാലയുടെ വിഭാഗത്തില്‍ കേരള സര്‍വകലാശാല പുരസ്‌കാര ജേതാക്കളായി. ഇതോടൊപ്പം വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ എന്‍എസ്എസ് യൂണിറ്റുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ക്കും മന്ത്രി ഡോ. ആര്‍ ബിന്ദുവും ചലച്ചിത്രതാരം അപര്‍ണ ബാലമുരളിയും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

വിമല കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആന്‍സര്‍ ആര്‍ എന്‍ സ്വാഗതം ആശംസിച്ചു. ഇടിഐ ഡയറക്ടര്‍ ഡോ. എന്‍ എം സണ്ണി അധ്യക്ഷത വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവും ചലച്ചിത്രതാരവുമായ അപര്‍ണ ബാലമുരളി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ശിഹാബ്, വിമല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ബീന ജോസ്, എന്‍എസ്എസ് തൃശ്ശൂര്‍ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. രഞ്ജിത്ത് വര്‍ഗീസ്, വിമല കോളേജ് പ്രോഗ്രാം കോഡിനേറ്റര്‍ സന്തോഷ് പി ജോസ്, വിവിധ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരും കുടുംബാംഗങ്ങളും, എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!