തൃശൂർ നഗരത്തെ ആവേശത്തിമിർപ്പിൽ ആറാടിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സാംസ്കാരിക ഘോഷയാത്ര. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മേളയുടെ പ്രചരണാർത്ഥം നടന്ന ഘോഷയാത്രയിൽ 15,000 ത്തോളം പേർ പങ്കെടുത്തു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുമുള്ള ജീവനക്കാർ വിവിധ നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയിൽ പങ്കെടുത്തു.
വൈകീട്ട് നാലരയോടെ നായ്ക്കനാലിൽ നിന്നാരംഭിച്ച ഘോഷയാത്ര തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ ആണ് അവസാനിച്ചത്. വാദ്യമേളങ്ങളോടെ ആരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കുട, വട്ടമുടിയാട്ടം, തിറയും പൂതനും, നാടൻ കലാരൂപങ്ങളും നൃത്ത രൂപങ്ങൾ, കളരിപയറ്റ്, വർണ്ണബലൂണുകൾ, നാസിക് ദോൽ, ശിങ്കാരി മേളം, കലപ്പ ഏന്തിയ കർഷകർ, എന്നിവ ഘോഷയാത്രയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി. ജില്ലാ കുടുംബശ്രീ മിഷന്റെ ധീരം കരാട്ടേ സംഘം, രംഗശ്രീ നാടക സംഘം, മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമ വണ്ടി, ഫ്ലാഷ് മോബ് എന്നിവ ശ്രദ്ധേയമായി. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, എംഎൽഎമാരായ എ സി മൊയ്തീൻ, ഇ ടി ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, യു ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ , ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി മേനോൻ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.