കുഴൂർ പഞ്ചായത്തിലെ എരവത്തൂർ ചിറ നവീകരിച്ച് നിർമിച്ച പാർക്ക് നാടിന് സമർപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വിനോദത്തിനായി ഉപയോഗിക്കാവുന്ന രീതിയിൽ വികസിപ്പിച്ച മിനി പാർക്കിന്റെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി യും അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എയും ചേർന്ന് നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 45 ലക്ഷം രൂപയുടെ പദ്ധതിയാണ് പൂർത്തീകരിച്ചത്.
പാർക്കിനൊപ്പം ടേക്ക് എ ബ്രേക്ക് പദ്ധതി, കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള ജിം, പരിപാടികൾക്കായി സ്റ്റേജ്, ശൗചാലയ സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രജനി മനോജ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കൂട്ടാല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജി വിൽസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.