എരവിമംഗലം വായനശാലയിലെ ആർട്ട് ഗാലറിയുടേയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണോദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി മുഖ്യാതിഥിയായി. പൊതുമരാമത്ത് ബിൽഡിംഗ്സ് എ.ഇ നിക്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. 75 വർഷമായി പ്രവർത്തിക്കുന്ന എരവിമംഗലം വായനശാല ഉയർത്തി കൊണ്ടുവന്ന തനതായ സംസ്കാരം ഇവിടെയെത്തുന്ന ഓരോ കുഞ്ഞിനും ഒരു പാഠപുസ്തകം പോലെ വായിച്ചെടുക്കാവുന്ന ഒരു സാംസ്കാരിക പാഠപുസ്തകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വായനശാലകൾ ഉയർത്തി കൊണ്ടുവരുന്ന കൂട്ടായ വായനകളെയും കൂട്ടായ പ്രവർത്തനങ്ങളെകുറിച്ചും മന്ത്രി സംസാരിച്ചു. എരവിമംഗലം വായനശാലയിൽ അവതരിപ്പിച്ച “ഗ്രൂപ്പ് ഫോട്ടോ“ എന്ന നാടകം കണ്ടതിന്റെ ഓർമ്മയും മന്ത്രി പങ്കുവെച്ചു.
ഒല്ലൂർ നിയോജക മണ്ഡലം എം.എൽ.എ യുടെ ആസ്‌തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ആർട്ട് ഗാലറിയുടേയും, അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണം നടത്തുന്നത്. നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ രജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.എൻ സീതാലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ അഭിലാഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ അമൽറാം, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.എസ് ബിജു, കെ.ജെ ജയൻ, സിന്ധു ഉണ്ണികൃഷ്ണൻ തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ലില്ലി ഫ്രാൻസിസ്, തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.ഡി സത്യൻ, വായനശാല പ്രസിഡന്റ് ടി.ആർ വിജയൻ, വായനശാല സെക്രട്ടറി കെ.ആർ ബൈജു, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എരവിമംഗലം വായനശാല വനിതാവേദി പ്രവർത്തകൾക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ് മന്ത്രി വേദി വിട്ടത്.