ഉദ്യാനത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ.വി. ഗോവിന്ദൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി.
എളവള്ളി ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു. അഞ്ചുലക്ഷം രൂപ ചെലവഴിച്ച് പറയ്ക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറിയോട് ചേർന്നുള്ള 15 സെൻ്റ് സ്ഥലത്താണ് ഉദ്യാനം നിർമ്മിച്ചത്.ജൈവവേലി, നടപ്പാതകളിൽ കയർ ഭൂവസ്ത്രം, വായന മൂല, സെൽഫി പോയിൻ്റ്, കമ്പോസ്റ്റ് യൂണിറ്റ്, ഫലവൃക്ഷങ്ങൾ, നാടൻ മരങ്ങൾ, ഔഷധസസ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന മരങ്ങൾ എന്നിവയാണ് ജൈവവൈവിധ്യ പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ഓരോ സസ്യങ്ങളുടെയും പേരും വിവരങ്ങളും അടങ്ങുന്ന ക്യു ആർ കോഡും സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂർ പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് ഉദ്യാനത്തിന്റെ നിർമ്മാണച്ചുമതല നിർവഹിച്ചത്.രണ്ടുവർഷത്തെ പരിപാലന ചുമതലയും സൊസൈറ്റിക്കാണ്.
ചങ്ങലംപരണ്ട, ഈന്ത്, നില നാരകം, ദന്തപാല, ചിറ്റാടലോടകം, ഉഴിഞ, വാതംകൊല്ലി, മരൽ, സർപ്പപോള, ചെത്തിക്കൊടുവേലി, പുഷ്കരമൂലം, മുഞ്ഞ, ശംഖ് പുഷ്പം, ചിറ്റമൃത്, സോമലത, കരിങ്കുറിഞ്ഞി, മുറികൂട്ടി, ചെറുതേക്ക്, നന്ത്യാർവട്ടം, കരിനൊച്ചിൽ, മഞ്ഞ കനകാംബരം, ചിറ്റരത്ത, ഓരില, പാമ്പുംകൊല്ലി, ഇടിഞ്ഞിൽ, ശതാവരി, മൂവില, പഴുതാര കൊല്ലി, നാഗദന്തി, സർപ്പഗന്ധി, നറും പാണൽ, രക്തചന്ദനം, ചന്ദനം, അഗത്തി, ഇലമുള്ളി, വെള്ളക്കൊടുവേലി, നീലയമരി, ചുരുളി, നീർമാതളം, കായം എന്നീ സസ്യങ്ങളാണ് ഉദ്യാനത്തിൽ പ്രധാനമായവ.ഉദ്യാനത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ കെ.വി. ഗോവിന്ദൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ലീന ശ്രീകുമാർ, എളവള്ളി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ കെ.ഡി. വിഷ്ണു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷാലി ചന്ദ്രശേഖരൻ, സനിൽ കുന്നത്തുള്ളി, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മാത്യു ആൻഡ്രൂസ്, ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ സി.ടി. ജാൻസി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.എം. ഷാമില, സി.കെ. മോഹനൻ, പി.കെ. ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.