മാളഃ എവറസ്റ്റ് കൊടുമുടിക്ക് മാളക്കടുത്തുള്ള പുത്തൻചിറയുമായി ഒരപൂർവ ബന്ധമുണ്ട്. സർവ്വേ ചരിത്രത്തിലെ ചങ്ങല കണ്ണികളിലൂടെ നീളുന്ന കൗതുകമുള്ള ഒരു സാമ്യമാണത്. എവറസ്റ്റിന്റെ വലിപ്പം കണ്ടെത്തിയ ദി ഗ്രേയ്റ്റ് ട്രിഗ്ണൊമെട്രിക്കൽ സർവ്വേയിൽ പുത്തൻചിറയും ഉൾപ്പെട്ടിരുന്നു. സർവ്വേയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച കല്ലുകളിൽ ഒന്ന് പുത്തൻചിറയിലെ പ്രൊജക്റ്റ് കുന്നിൽ ആണ്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ സാമ്രാജ്യത്തിന്റെ വലിപ്പവും അതിർത്തിയും നിശ്ചയിക്കുന്നതിനാണ് ദി ഗ്രേറ്റ് ട്രിഗ്ണോമെട്രിക്കൽ സർവ്വേ എന്ന പ്രോജക്ട് ആരംഭിക്കുന്നത്. 1802 ൽ ഇൻഫൻട്രി ഓഫിസറായിരുന്ന വില്യം ലാംപ്ടന്റെ നേതൃത്വത്തിലാരംഭിച്ച സർവ്വേക്ക് പിന്നീട് നേതൃത്വം നൽകിയവരിൽ ജോർജ് എവറസ്റ്റും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് പർവതത്തിന് ആ പേര് ലഭിച്ചത്. രണ്ടുലക്ഷം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു ചെലവ്. സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരമുള്ള മലനിരകളെത്തമ്മിൽ ബന്ധിപ്പിച്ചായിരുന്നു സർവ്വേ. 700 പേർ 70 വർഷത്തോളം പണിയെടുത്തു. എവറസ്റ്റിന്റ ഭാഗത്തും സർവ്വേ നടന്നിരുന്നു.
ഇതിനിടയിലാണ് എവറസ്റ്റ് പർവതത്തിന്റെ ഉയരം കണക്കാക്കിയതും പിന്നീട് പേര് മാറ്റിയതും. പുത്തൻചിറയിലെ എള്ളുംപറമ്പ് കുന്ന് പ്രൊജക്റ്റ് കുന്നായതും സർവ്വേക്ക് ശേഷം. സർവ്വേയുടെ ഭാഗമായി രാജ്യത്തുടനീളം 500 ലധികം സൂചികക്കല്ലുകൾ സ്ഥാപിച്ചു. ഈ കല്ലുകളിൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരവും അടുത്ത കല്ലിലേക്കുള്ള ആരോ മർക്കും (വിസിബിൾ പോയിൻ്റ്) ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഇത്തരത്തിൽ 16 സ്ഥലത്ത് ആണ് അന്ന് കല്ല് സ്ഥാപിച്ചിട്ടുള്ളതായി കരുതുന്നത് അതിലൊന്നാണ് പുത്തൻചിറ (ഒരു സ്ഥലത്ത് മൂന്ന് സൂചികക്ക ല്ലുണ്ടായിരുന്നതായി പറയുന്നു). തിയോഡോ ലൈറ്റ്, ഇരുമ്പു ചങ്ങല തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പഠനം. സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണത്രെ ഇത്തരം സ്റ്റേഷനുകൾ. അൻപത് വർഷങ്ങൾക്കുമുമ്പ് ഇവിടത്തെ കല്ല് പരിശോധിക്കുന്നതിനായി സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെത്തിയതായി പറയുന്നു. ആധുനിക സർവ്വേ ജി പി എസ്സിന് വഴി മാറിയെങ്കിലും ഗ്രേറ്റ് ട്രിഗ്ണോമെട്രിക്കൽ സർവ്വേയുടെ ശേഷിപ്പായ കല്ല് പ്രോജക്ടു കുന്നിൽ ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയായി അവശേഷിക്കുന്നു. ബന്ധപ്പെട്ട അധികൃതർ ഇതിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാക്കുകയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ മറ്റൊരു ചരിത്ര സ്മാരകം കൂടി നാമാവശേഷമാകും. കൃഷ്ണന്‍കോട്ടയിലെ നെടുംകോട്ടയുടെ ഭാഗങ്ങള്‍ ബന്ധപ്പെട്ട അധികൃതരുടെ നിസ്സംഗത മൂലം നാമാവശേഷമായതുപോലെ ഇത്തരം അവശേഷിപ്പുകളും ഇല്ലാതാകുമെന്നാണ് ജനസംസാരം.