ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം ആരംഭിച്ചു. പരിശീലന ക്ലാസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ നൗഷാദ് അധ്യക്ഷത വഹിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഒന്നര ലക്ഷം രൂപ വകയിരുത്തി പോഴങ്കാവിൽ ഗ്രാമപഞ്ചായത്ത് കുളത്തിലാണ് പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലേയും വിദ്യാലയങ്ങളിലേയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകിവരുന്നത്.
10 വർഷമായി തുടരുന്ന പദ്ധതിയിലൂടെ ആയിരത്തിലധികം വിദ്യാർത്ഥികളാണ് നീന്തൽ സ്വായത്തമാക്കിയത്. നീന്തലിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് പ്രത്യേക തുടർ പരിശീലനവും പദ്ധതിയിലൂടെ നൽകും. മികച്ച നീന്തൽ ഇൻസ്ട്രക്ടർ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. വാർഡ് മെമ്പർ കെ.ആർ രാജേഷ്, വാർഡ് മെമ്പർ ഇബ്രാഹിംകുട്ടി, ഇംപ്ലിമെൻ്റിങ് ഓഫീസർ സൈജ ടീച്ചർ, കോർഡിനേറ്റർ എൻ.എം ശ്യാംലി തുടങ്ങിയവർ പങ്കെടുത്തു.