ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശം നല്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്കി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്.10 വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശം നല്കി.
നേരത്തെ, വ്യാഴാഴ്ച ഹാജരാകണമെന്ന് മൊയ്തീന് ഇഡിയുടെ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അസൗകര്യം അറിയിച്ച് മൊയ്തീന് മറുപടി നല്‍കിയിരുന്നു.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കുമ്പോള് ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ഭയവും തല്ക്കാലം ഇഡിയ്ക്ക് മുന്നിലേക്ക് പോകുന്നതില്‍ നിന്ന് മൊയ്തീനെ പിന്തിരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞാഴ്ച എ.സി. മൊയ്തീന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് 23മണിക്കൂര്‍ നീണ്ടിരുന്നു. മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും അടക്കം ബാങ്ക് അക്കൗണ്ടുകളും ഇഡി പരിശോധിച്ചിരുന്നു.
എന്നാല്‍ കരുവന്നൂര്‍ ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, പി.പി. കിരണ്‍, അനില്‍ സേഠ് എന്നിവര്‍ ബുധനാഴ്ച ഇഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇവരെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും. കേസില്‍ സംശയത്തിന്റെ നിഴലിലുള്ള സി.എം. റഹീമും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും.