പുത്തൂരില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളും
നവ കേരള സദസ്സ് ജനാധിപത്യത്തിന്റെ പരിപൂര്‍ണ്ണതയെന്ന് ചലച്ചിത്ര താരം ടി.ജി. രവി. ഒല്ലൂര്‍ നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സദസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ടി.ജി. രവി. പ്രകടമായ മാറ്റങ്ങളാണ് കഴിഞ്ഞ കാലയളവില്‍ വികസന രംഗത്ത് ഉണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കാനുള്ള വേദി ആവുകയാണ് ഓരോ നവ കേരള സദസ്സും. രാജ്യത്ത് ആകമാനം ഇതൊരു മാതൃക മുന്നേറ്റമാണെന്നും ടി.ജി. രവി കൂട്ടിച്ചേര്‍ത്തു.
സാംസ്‌കാരിക സദസ്സിനോടനുബന്ധിച്ച് വര്‍ണ്ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും കലാ പരിപാടികളും നടന്നു. പുത്തൂര്‍ പാലം മുതല്‍ കുരിശുമൂല വരെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര ശ്രദ്ധേയവും വര്‍ണ്ണാഭവുമായി. വനിതകളുടെ നേതൃത്വത്തിലുള്ള മേളം സാംസ്‌കാരിക ഘോഷയാത്രയ്ക്ക് കൂടുതല്‍ മിഴിവേകി. പുത്തൂരിലെ നിരവധി കലാകാരന്മാര്‍ അണിനിരന്ന കലാസന്ധ്യ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി.
പുത്തൂര്‍ കുരിശുമൂല ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ എ.ഡി.എ സത്യവര്‍മ്മ സ്വാഗതം ആശംസിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്തംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ജനപ്രതിനിധികള്‍, സംഘാടകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.