Channel 17

live

channel17 live

ഒളകര സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചു – ജില്ലാ കളക്ടര്‍

ഒളകര ഉന്നതിയിലുള്ളവര്‍ക്ക് നല്‍കുന്നതിനായി റെക്കോര്‍ഡ് ഓഫ് റൈറ്റ്സ് (ആര്‍ഒആര്‍) തയ്യാറായി, സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വേ കല്ലുകള്‍ സ്ഥാപിച്ചുകഴിഞ്ഞതായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഒളകര ഉന്നതിയിലെ 44 കുടുംബങ്ങളുടെ പേരില്‍ 1.5 ഏക്കര്‍ വീതം, ആകെ 66 ഏക്കര്‍ ഭൂമിയുടെ വനാവകാശ രേഖ വിതരണത്തിന് തയ്യാറായതായും പ്രത്യേക സംഘത്തെ രൂപീകരിച്ച് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഓരോ പ്ലോട്ടും തിരിച്ച് സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. ഒളകര ഉന്നതിയില്‍ സന്ദര്‍ശനം നടത്തി സര്‍വ്വേ നടപടികളുടെ പുരോഗതി അവലോകനം നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

ജില്ലയിലെ ആദിവാസി മേഖലയിലെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിച്ചുവരികയാണെന്നും സമയബന്ധിതമായി ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചതില്‍ ഒളകര ആദിവാസി ഉന്നതിയിലെ വര്‍ഷങ്ങളായുള്ള ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തിനുശേഷം ഊരുനിവാസികള്‍ക്ക് മധുരം നല്‍കി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലും ജില്ലാ കളക്ടര്‍ പങ്കുചേര്‍ന്നു.

പീച്ചി ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1957 കാലഘട്ടത്തില്‍ വനത്തില്‍ താമസിച്ചിരുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ‘മലയന്‍’ വിഭാഗത്തിലുള്ളവരെ അവിടെ നിന്നും കുടിയൊഴിപ്പിക്കുകയും അവര്‍ കുടുംബത്തോടെ താമരവെള്ളച്ചാല്‍, മണിയന്‍കിണര്‍, ഒളകര എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. താമരവെള്ളച്ചാല്‍, മണിയന്‍ കിണര്‍ എന്നിവിടങ്ങിലുള്ളവര്‍ക്ക് വനാവകാശ നിയമപ്രകാരം നേരത്തെതന്നെ രേഖകള്‍ അനുവദിച്ചു നല്‍കി. ഒളകരയില്‍ താമസിച്ചവര്‍ക്ക് മാത്രം നിയമാനുസൃതമായ ഭൂമിയുടെ രേഖ നല്‍കിയില്ല. 2008 മുതല്‍ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ, വനം, പട്ടിക വര്‍ഗ്ഗ വകുപ്പുകളുടെ സംയുക്ത സംഘം പലതവണകളായി ഒളകരയില്‍ സന്ദര്‍ശനം നടത്തുകയും പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നേരിട്ട് ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു. മാര്‍ച്ച് 22 ന് ഉന്നതിയിലുള്ളവര്‍ക്കുള്ള വനാവകാശ രേഖ റവന്യു, പട്ടികജാതി-പട്ടികവര്‍ഗ്ഗം, വനം വകുപ്പ് മന്ത്രിമാര്‍ ചേര്‍ന്ന് വിതരണം ചെയ്യും.

ഒളകര സര്‍വ്വേ നടപടികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറോടൊപ്പം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ സുബൈദ അബൂബക്കര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) എം.സി ജ്യോതി, ടി.ഡി.ഒ ഹെറാള്‍ഡ് ജോണ്‍, തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ, ലാന്റ് റെക്കോര്‍ഡ് തഹസില്‍ദാര്‍ നിഷ ആര്‍. ദാസ്, സര്‍വ്വേ സൂപ്രണ്ട് രജനി, ഒളകര ഊരുമൂപ്പത്തി മാധവി കുട്ടപ്പന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!