മാളയിലെ വിവിധയിടങ്ങളില്‍ ആവശ്യക്കാരില്ലാതെ പൂക്കള്‍ നശിക്കുകയാണ്.
മാളഃ ഓണക്കാലം കഴിഞ്ഞപ്പോഴേക്കും ആർക്കും വേണ്ടാതെയായി ചെണ്ടുമല്ലിപ്പൂക്കൾ നശിക്കുന്നു. ഓണക്കാലത്ത് കിലോഗ്രാമിന് നൂറ് രൂപക്ക് കൊടുത്തിട്ടുപോലും വാങ്ങാൻ ആളി ല്ലായിരുന്നു. ഓണം കഴിഞ്ഞതോടെ കിലോഗ്രാമിന് നാല്‍പ്പത് രൂപക്കും വിറ്റിരുന്നു. നാട്ടിലെ ചെണ്ടുമല്ലിപ്പൂക്കൾ വാങ്ങേണ്ടതി ല്ലെന്ന കച്ചവടക്കാരുടെ തീരുമാനവും പൂകൃഷി ചെയ്തവർക്ക് തിരിച്ചടിയായി. കേരളത്തില്‍ പൂകൃഷി വ്യാപകമായതോടെ തമിഴ്നാട്ടിൽനിന്നുള്ള പൂക്കൾക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. ഇത്തവണ വിലയിൽ ഗണ്യമായ കുറവും വരുത്തേണ്ടതായി വന്നു. കഴിഞ്ഞ വർഷത്തേക്കാൾ കിലോഗ്രാമിന് 100 മുതൽ 150 രൂപ വരെ കുറവിനാണ് പൊതുവിപണികളിൽ പൂക്കൾ വിറ്റത്. വിപണിയിൽ വിലക്കുറവ് വന്നതോടെ കച്ചവടക്കാരുടെ കൂട്ടായ്മയാണ് നാട്ടിലെ പൂക്കൾ എടുക്കേതില്ലെന്ന തീരുമാനമെടുത്തത്. കേരളത്തിലെ പൂകൃഷിയെ നിരുത്സാഹപ്പെടുത്താനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നാണ് കർഷകരുടെ സംശയം.
ആയിരം തൈകൾ വാങ്ങി കൃഷി ചെയ്യുന്നതിന് പതിനായിരം രൂപയാണ് ശരാശരി ചെലവ് വരുന്നത്. ഓണക്കാലത്ത് നൂറ് രൂപക്ക് വിറ്റിട്ടും പൂകൃഷി ലാഭകരമാണെന്ന് കേരളത്തിലെ കര്‍ഷകര്‍ തെളിയിച്ചപ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിച്ചിരുന്ന പൂക്കള്‍ക്ക് മുന്നുറ് മുതല്‍ നാനൂറ് രൂപ വരെ കൊടുത്താണ് മലയാളി വാങ്ങിയിരുന്നത്. തമിഴ്നാടന്‍ ലോഭിയുടെ താല്‍പ്പര്യമനുസരിച്ചാണ് നാട്ടിലുത്പ്പാദിപ്പിക്കുന്ന പൂക്കള്‍ക്ക് അവഗണന നേരിടേണ്ടി വരുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാളയിലെ വിവിധയിടങ്ങളില്‍ ആവശ്യക്കാരില്ലാതെ പൂക്കള്‍ നശിക്കുകയാണ്. പലരും ബാങ്കുകളില്‍ നിന്നും മറ്റും ആയിരക്കണക്കിന് രൂപ വായ്പ്പയെടുത്താണ് പൂകൃഷി നടത്തിയത്. മുടക്കിയ തുകയില്‍ പകുതി മാത്രം ലഭിച്ചതോടെ കര്‍ഷകര്‍ കടക്കെണിയിലായിരിക്കയാണ്. മഴ പെയ്യുമ്പോള്‍ പൂക്കളില്‍ വെള്ളം നിറഞ്ഞ് ചെടികള്‍ ഒടിഞ്ഞുവീഴുകയും നശിക്കുകയുമാണ്. തമിഴ്നാടന്‍ ലോഭിയുടെ കുതന്ത്രങ്ങള്‍ക്ക് വഴങ്ങില്ലെന്നും വരും വര്‍ഷങ്ങളില്‍ കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് വിപണിയിലിടപെടാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.