ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ ചാലക്കുടി പരിയാരം സ്വദേശിയിൽ നിന്ന് 1 കോടി 8 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശിയായ കിഴക്കേവീട്ടിൽ അക്ഷയ് രാജിനെയാണ് ( 22 വയസ്സ്) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പന്തളത്തു നിന്നും പിടികൂടിയത്.
ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ഓൺലൈൻ ട്രേഡിംഗ് ചെയ്യുന്ന BGC (Barrick Gold Capital) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് ഫേസ്ബുക്ക് മെസ്സഞ്ചർ, വാട്സ് ആപ്പ്, ടെലഗ്രാം എന്നീ സോഷ്യൽ മീഡിയകളിലൂടെ മെസ്സേജ് അയച്ച് വിശ്വസിപ്പിച്ച് ട്രേഡിംഗ് ചെയ്യുന്ന വാലറ്റ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം ട്രേഡിങ്ങ് നടത്തുന്നതിലേക്കായി 2024 നവംബർ 04 മുതൽ 2025 ഫെബ്രുവരി 25 വരെയുള്ള കാലയളവുകളിലായി ചാലക്കുടിയിലെ ബാങ്ക് അക്കൊണ്ടിൽ നിന്നും പ്രതികളുടെ R S ENTERPRISES എന്ന പേരിൽ എടുത്തിട്ടുള്ള മറ്റൊരു അക്കൌണ്ടിലേക്ക് വിവിധ തീയ്യതികളിലായി മൊത്തം 34,06,300 രൂപ ട്രാൻഫർ ചെയ്തു കൊടുത്തതായും ഈ അക്കൌണ്ടിൽ നിന്നും ഈ കേസ്സിലെ പ്രതിയായ അക്ഷയ് രാജിന്റെ പേരിലുള്ള വൈറ്റിലയിലെ ബാങ്ക് അക്കൌണ്ടിലേക്ക് പല തീയ്യതികളിലായി മൊത്തം 8,96,000/-രൂപ അക്കൌണ്ടിൽ വന്നിട്ടുള്ളതായും ആ അക്കൌണ്ടിൽ നിന്നും 20/12/2024 തിയതി ഒരു ലക്ഷം രൂപ ബാംഗ്ലൂരിലെ ATM വഴി പിൻവലിച്ചിട്ടുള്ളതായും 24/12/2024 തീയതി ചെക്ക് ഉപയോഗിച്ച് 2,93,000/-രൂപ ബാംഗ്ലൂരിലെ ബാങ്കിൽ നിന്നുമായി മൊത്തം 3,93,000/-രൂപ പിൻവലിച്ചതായും കാണപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള തുക മറ്റു പ്രതികളുടെ വിവിധ അക്കൌണ്ടുകളിലേക്ക് അക്ഷയ് രാജിൻറ അക്കൌണ്ടിലൂടെ അയച്ചു കൊടുത്തിട്ടുള്ളതിനാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ സൈബർ എസ്.എച്ച്.ഒ. ഷാജൻ എം. എസ്, സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ജസ്റ്റിൻ വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ ശബരിനാഥ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ്, ഡ്രൈവർ സിപിഒ അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.