സുരക്ഷിതമായ മത്സ്യബന്ധന രീതികൾ അവലംബിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവനും സുരക്ഷിത്വം ഉറപ്പ് വരുത്തുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ കൊച്ചി എയർ എൻക്ലേവിൻ്റെയും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ്റെയും നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾക്കായി ഡൊമോൺട്രേഷൻ ക്ലാസ് നടത്തി. കടലിൽ വെച്ച് അപകടങ്ങൾ ഉണ്ടായാൽ നേരിടേണ്ട വിഷയത്തെക്കുറിച്ച് ആയിരുന്നു ക്ലാസ്. കാലാവസ്ഥ മുന്നറിയിപ്പുകൾ എല്ലാ മത്സ്യബന്ധന തൊഴിലാളികളും കൃത്യമായി മനസ്സിലാക്കണമെന്നും പാലിക്കണമെന്നും വ്യക്തമാക്കി. എല്ലാ മത്സ്യബന്ധനയാനങ്ങളിലും ജീവൻരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നും അത് യാന ഉടമകൾ ഉറപ്പുവരുത്തണമെന്നും എല്ലാ മത്സ്യതൊഴിലാളികളും ആധാർ കാർഡ് കൈവശം സൂക്ഷിക്കേണ്ടതാണെന്നും മത്സ്യതൊഴിലാളികളോട് ആവശ്യപ്പെട്ടു.
കടൽ മാർഗത്തിലൂടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മത്സ്യ തൊഴിലാളികളോട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻ്റിങ്ങ് ഓഫീസർ പോളച്ചൻ ഉദ്ഘാടനം നിർവഹിച്ച് പറഞ്ഞു. കടലിൽ വളരെ പെട്ടെന്ന് ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളെ എങ്ങിനെ നേരിടണം എന്ന വിഷയത്തിൽ കോസ്റ്റ് ഗാർഡ് ഓഫീസർ മണിക്കുട്ടൻ ക്ലാസ്സെടുത്തു. അഴീക്കോട് ഫിഷ് ലാൻ്റിങ് സെന്ററിൽ നടന്ന പരിപാടിയിൽ ഫിഷറീസ് സ്റ്റേഷൻ മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻഡ് വിജിലൻസ് വിങ്ങിലെ വി.എൻ പ്രശാന്ത് കുമാർ, അഴീക്കോട് മത്സ്യഭവനിൽ നിന്നും ആൻ്റണി എന്നിവർ സംസാരിച്ചു.