നാല് വര്‍ഷത്തോളം ഇഴഞ്ഞുനീങ്ങിയിരുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് പുത്തന്‍ പ്രതീക്ഷ.
നാല് വര്‍ഷത്തോളം ഇഴഞ്ഞുനീങ്ങിയിരുന്ന കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് പുത്തന്‍ പ്രതീക്ഷ. ദ്രുതഗതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലമ്പൂര്‍ എ.ബി.എം. ബില്‍ഡേഴ്സ് എന്ന കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്. പൊന്നാനി കോള്‍ മേഖലയുടെ ജലസ്രോതസ്സായ നൂറടിത്തോടിനെ ബന്ധപ്പെടുത്തിയുളള പാലത്തിന്റെ നിര്‍മ്മാണം വെളളം വറ്റുന്ന മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുളള മാസങ്ങളിലാണ് കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നത്. ഈ സമയം പൂര്‍ണമായി ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചാല്‍ സ്ലാബുകളുടെ ഉറപ്പിക്കല്‍, അപ്രോച്ച് റോഡ് നിര്‍മ്മാണം, പാലത്തിന്റെ വശങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പുതിയ കരാര്‍ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയതോടെ ഏറെ കാലമായി നാട്ടുക്കാര്‍ കാത്തിരിക്കുന്ന പദ്ധതി ഈ സീസണില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുന്നംകുളം, ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളിലെ കാട്ടകാമ്പാല്‍, വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കോള്‍കൃഷി മേഖലയിലെ ജലസംരക്ഷണത്തിനും പ്രയോജനം ചെയ്യുന്നതുമാണ് കരിച്ചാല്‍ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ്. നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടെ കാട്ടകാമ്പാല്‍-വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ വേഗത്തില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാലമായി കരിച്ചാല്‍ക്കടവ് മാറും.
പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എ.സി മൊയ്തീന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എസ് മണികണ്ഠന്‍, ചെറുകിട ജലസേചന വിഭാഗം അസി. എക്‌സി. എഞ്ചിനീയര്‍ ബിന്ദു, എ.ഇ സൗമ്യ, മുന്‍പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍, പഴഞ്ഞി കൂട്ടുകൃഷി സംഘം പ്രസിഡന്റ് കെ.എ അനില്‍കുമാര്‍, ടി.സി ചെറിയാന്‍, വി.കെ ബാബുരാജന്‍, എം.എ കുമാരന്‍ തുടങ്ങിയവരും എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.