പോര്‍ക്കുളം പഞ്ചായത്ത് അകതിയൂരിലെ കലവര്‍ണ്ണക്കുളം നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. നഗര സഞ്ചയ പദ്ധതിയില്‍ നിന്നും 80 ലക്ഷം രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു കലവര്‍ണ്ണക്കുളം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.
ആദ്യഘട്ടത്തില്‍ കുളത്തിലെ ചണ്ടിയും പായലും നീക്കി അടിതട്ടില്‍ അടിഞ്ഞുകൂടിയ ചേറും മണ്ണും നീക്കം ചെയ്ത് ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും കുളത്തിന് ചുറ്റുമുള്ള റീടെയ്‌നിങ് വാളിന്റെ പണികള്‍ പൂര്‍ത്തികരിക്കുകയുമാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ കുളിക്കടവും, നീന്തല്‍ പരിശീലന സൗകര്യവും, കുളത്തിന്റെ ചുറ്റും നടപ്പാതയും സംരക്ഷണവേലിയും കട്ടവിരിക്കലുമാണ് പദ്ധതിയില്‍ നടപ്പിലാക്കുന്നത്.
അസിസ്റ്റന്റ് എഞ്ചിനീയര്‍ മേരി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, ബ്ലോക്ക് മെമ്പര്‍ സിന്ധു ബാലന്‍, പഞ്ചായത്ത് മെമ്പര്‍മാരായ നിമിഷ വിഗീഷ്, സുധന്യ സുനില്‍ കുമാര്‍, ബിജു കോലാടി, കെ.എ ജ്യോതിഷ്, രേഖ ജയരാമന്‍, വിജിത പ്രജി, പഞ്ചായത്ത് സെക്രട്ടറി ലിന്‍സ് ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി പുനസ്ഥാപിക്കാം
എറണാകുളം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 1995 ജനുവരി ഒന്നു മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് സീനിയോറിറ്റി പുനസ്ഥാപിക്കാന്‍ അവസരം. സീനിയോറിറ്റി നഷ്ടപ്പെട്ട റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്കും എംപ്ലോയ്‌മെന്റ് നിന്നും ജോലി ലഭിച്ച് ജോലി പൂര്‍ത്തിയാക്കാതെ പോയവര്‍ക്കും നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുനസ്ഥാപിച്ചു നല്‍കും. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചും ഏപ്രില്‍ 30 വരെ പുതുക്കാം.
ഫോണ്‍: 04842312944
ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കി പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം. ഷാജു അവതരിപ്പിച്ചു. ആരോഗ്യ മേഖലക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് 24 കോടിയുടെ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്. 24,83,41,283 രൂപ വരവും 24,24,82,580 രൂപ ചെലവും 58,58,703 രൂപ നീക്കിയിരിപ്പുമാണ് ഇത്തവണ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന്‍, വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്യോതി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രഞ്ജു വാസുദേവന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി സാജന്‍, അടാട്ട്, അവണൂര്‍, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സിമി അജിത്കുമാര്‍, തങ്കമണി ശങ്കുണ്ണി, കെ.കെ ഉഷാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എ സന്തോഷ്, ഷീല സുനില്‍കുമാര്‍, പി.വി ബിജു, ശ്രീലക്ഷ്മി സനീഷ്, അരുണ്‍ ഗോപി, ടി.ഡി വില്‍സണ്‍, വി.എസ് ശിവരാമന്‍, ആനി ജോസ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
അനധികൃത മത്സ്യബന്ധനം: രണ്ട് വള്ളങ്ങള്‍ക്ക് പിഴ ചുമത്തി
തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റല്‍ എസ്എച്ച്ഒ ഫര്‍ഷാദിന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്‍, ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തത്. പന്ത്രണ്ട് വാട്ട്‌സിന് താഴെ വെളിച്ചം ഉപയോഗിക്കാന്‍ അനുമതിയുള്ളിടത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 4636 വാട്ട്‌സ് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയത്.
ഇവരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒന്‍പതിനായരത്തി എഴുന്നൂറ് രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി മൂന്ന് ലക്ഷം രൂപ ഈടാക്കുകയും ചെയ്തു.
പ്രത്യേക പരിശോധന സംഘത്തില്‍ ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ, മുനക്കകടവ് കോസ്റ്റല്‍ പോലീസ് എസ് ഐമാരായ സുമേഷ് ലാല്‍, ലോഫിരാജ്, സിപിഒമാരായ നിധിന്‍, അനൂപ്, ബൈജു, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, സിജീഷ്, ഷെഫീക്ക്, സ്രാങ്ക് വിനോദ്, സുജിത്ത്, അഷറഫ്, മെക്കാനിക് ജയചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു.