എങ്ങനെയുണ്ട് ഞങ്ങടെ തൃശ്ശൂര്? എന്ന നാലു വയസ്സുകാരൻ രുദ്രാക്ഷിൻ്റെ ചോദ്യത്തിന് കളക്ടർ ചിരിച്ചുകൊണ്ട് മറുപടി നൽകി “തൃശൂർ അടിപൊളി അല്ലേ!” ജില്ലയിലെ വിവിധ മേഖലയിലുള്ളവർക്ക് കളക്ടറുമായി സംവദിക്കുന്നതിനായി നടത്തുന്ന “മുഖാമുഖം -മീറ്റ് യുവർ കളക്ടർ ” പരിപാടിയുടെ 34-ാം അദ്ധ്യായത്തിൽ അതിഥികളായി എത്തിയതായിരുന്നു തൃക്കൂർ കെ കെ ജി കളരി സംഘത്തിലെ രുദ്രാക്ഷ് ഉൾപ്പെടെയുള്ള ഇളമുറക്കാരായ വിദ്യാർത്ഥികളും പരിശീലകരും.
മെയ് 21 നു നടന്ന മുഖാമുഖത്തിൽ നാല് വയസ്സു മുതൽ 17 വയസ്സുവരെ വരുന്ന 25 ഓളം കുട്ടികളോട് കളരിയിലെ വിവിധ ആയുധങ്ങളെപ്പറ്റിയും അടവുകളെക്കുറിച്ചും ചോദിച്ചറിഞ്ഞുകൊണ്ടാണ് കളക്ടർ സംവാദം തുടങ്ങിയത്. സംസ്ഥാന കായികമേളയിൽ കളരി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും കളക്ടറുടെ കളരി പഠിക്കാനുള്ള താല്പര്യത്തെക്കുറിച്ചും ചർച്ച ചെയ്തു. ചോദ്യങ്ങളിൽ കൂടുതലും സിവിൽ സർവ്വീസ് പരീക്ഷയെയും തുടർന്നുള്ള ഔദ്യോഗിക ജീവിതത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമായിരുന്നു.
കഴിഞ്ഞവർഷത്തെ മഴക്കെടുതിയും ഈ വർഷത്തെ കാലവർഷം നേരിടാനുള്ള തയ്യാറെടുപ്പുകളും സംവാദത്തിലെ വിഷയങ്ങളായിരുന്നു. ഈ വർഷത്തെ തൃശൂർ പൂരം നല്ല രീതിയിൽ കാണാനായതിൻ്റെ സന്തോഷവും കുട്ടികൾ കളക്ടറെ അറിയിച്ചു. കുട്ടികൾ വേനലവധി ചിലവഴിച്ചത് എങ്ങനെയെന്ന് ചോദിച്ചറിഞ്ഞ കളക്ടർ സ്കൂൾ തുറക്കുന്നതിനു വേണ്ട തയ്യാറെടുപ്പുകളെപ്പറ്റിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞുകൊടുത്തു. സ്കൂൾ കാലഘട്ടം നന്നായി ആസ്വദിക്കാനും എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കാനും കളക്ടർ കുട്ടികളോട് പറഞ്ഞു. പരിപാടിയിൽ പരിശീലകരായ ചന്ദ്രൻ, ശരത് എന്നിവരും പങ്കെടുത്തിരുന്നു.