ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് ഇദ്ദേഹം.
കവിതകളിലൂടെ ലോകമാരാധിക്കുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ് കുഴൂര്‍ വിത്സന്‍ എന്ന എന്‍റെ നാടിന്‍റെ അഹങ്കാരം. മലയാളം ബ്ലോഗിംഗിലൂടെ ശ്രദ്ധ നേടിയ കവിയും നവമാദ്ധ്യമ പ്രവർത്തകനും കൂടിയായ കുഴൂർ വിത്സൺ നാട്ടിലും ലൈവാണ്. ലൈവ് എന്ന മലയാളചലച്ചിത്രത്തില്‍ മേഘം വാനം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് സിനിമ പാട്ട് എഴുത്ത് രംഗത്തേക്കും കടന്നിരിക്കയാണ് ഇദ്ദേഹം. കുഴൂർ ലൈവ് എന്ന നവമാദ്ധ്യമത്തിന്റെ പിന്നിലും സജീവമാണ്. ഇദ്ധേഹത്തിന്‍റെയൊപ്പം സേതുമോന്‍ ചിറ്റേത്തും കുഴൂർ ലൈവിന്‍റെ പിന്നിലുണ്ട്. അച്ചടി, ഇന്റെര്‍നെറ്റ്, റേഡിയോ, ടെലിവിഷന്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള മാദ്ധ്യമങ്ങളില്‍ ജോലി ചെയ്ത ചുരുക്കം മലയാളം മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് കുഴൂര്‍ വിത്സണ്‍. 2006 ജൂലായ് എട്ടിനാണ് മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗായ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ പ്രസിദ്ധീകരിക്കുന്നത്. മലയാളകവിതക്ക് ഇന്റർനെറ്റിൽ വിലാസമുണ്ടാക്കിയെടുക്കുന്നതിൽ സഹകവികൾക്കൊപ്പം വിത്സൺ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കവിതാ സംബന്ധിയായ പ്രവർത്തനളുടെ പേരിൽ 2016 ൽ സംസ്ഥാന സർക്കാർ യൂത്ത് മിഷൻ സാഹിത്യത്തിലെ യൂത്ത് ഐക്കൺ ആയി തെരഞ്ഞെടുത്തു.
മീനാക്ഷി ആശാത്തിയുടെ എഴുത്തുപുരയിൽ ഹരിശ്രീ കുറിച്ച വിത്സൺ പതിനഞ്ചാം വയസ്സിൽ കവിതകൾ എഴുതി തുടങ്ങി. ആദ്യകവിതാ സമാഹാരം ഉറക്കം ഒരു കന്യാസ്ത്രീ 1998 ൽ പ്രസിദ്ധീകരിച്ചു. കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. വയലറ്റിനുള്ള കത്തുകൾ, കുഴൂർ വിത്സന്റെ കവിതകൾ, കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം, തോറ്റവർക്കുള്ള പാട്ടുകുർബ്ബാന, ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ, മിഖായേൽ, തുടങ്ങി 20 പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.
വിത്സന്റെ കവിതകൾ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക്, ജർമ്മൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ചില യൂണിവേഴ്സ്റ്റികളില്‍ കുഴൂര്‍ വിത്സന്റെ കവിതകള്‍ പാഠ്യവിഷയമാണ്.
മലയാളത്തില്‍ നിന്ന് നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബെന്യാമിന്റെ ആടുജീവിതം ബഹ് റൈനില്‍ അതിലെ കഥാപാത്രമായ നജീബിനു നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചത് കുഴൂര്‍ വിത്സനാണ്. ബെന്യാമിന്റെ ജീവിച്ചിരിക്കുന്ന
കഥാപാത്രമായ നജീബിന്റെ ആദ്യ അഭിമുഖവും റേഡിയോ വഴി പ്രക്ഷേപണം ചെയ്തതും വിത്സന്‍ തന്നെ.
2003 മുതൽ 2012 വരെയുള്ള കാലയളവിൽ ഗൾഫ് മേഖലയിലെ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. മരങ്ങളും കവിതയും ഇഴചേരുന്ന പോയട്രീ ഇൻസ്റ്റലേഷൻ മലയാളത്തില്‍ അവതരിപ്പിച്ചത് കുഴൂര്‍ വിത്സനാണ്. കുഴൂരിന്റെ മരങ്ങള്‍ ജീവിതത്തില്‍,കവിതയില്‍ എന്ന കവിത സ്ലോവേനിയന്‍ സംവിധായക ടിന സുല്‍ക് (Tina Šulc) പോയട്രീ സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്. കവിതകള്‍ക്ക് മാത്രമായുള്ള ആഗോളവാണി, ടെമ്പിള്‍ ഓഫ് പോയട്രീ, പോയട്രീ ബാന്‍റ്, പോയട്രീ ഫ്രെയിംസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ആഗോള കലാപ്രസ്ഥാനമായ ജിഗ്സൗ ആർട്ടിസ്റ്റിക് കളക്ടീവിന്റെ സ്ഥാപക
അംഗമാണിദ്ധേഹം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കേ ത്യശ്ശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ്സ് മലയാളം ദിനപത്രത്തിന്റെ മാള ലേഖകനായിരുന്നു.
ജേർണ്ണലിസം പഠനത്തിനു ശേഷം ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി എഡിഷനിൽ ട്രെയിനിയായി ചേർന്നു. പിന്നീട് ഡി-നെറ്റ്
ടെലിവിഷന്‍, കേരളീയ കലകള്‍ക്ക് വേണ്ടിയുള്ള കലാദര്‍പ്പണം മാസിക എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
2003 മുതൽ 2010 വരെ ദുബായ് മീഡിയ സിറ്റിയിൽ നിന്നും പ്രക്ഷേപണം നടത്തുന്ന ഏഷ്യാനെറ്റ് എ എം റേഡിയോയിൽ വാർത്താ അവതാരകനായിരുന്നു. പിന്നീട് അജ്മാൻ ആസ്ഥാനമായി തുടങ്ങിയ ചാനൽ ഫോർ നെറ്റ് വർക്കിന്റെ മലയാളം എഫ് എം ഗോൾഡ് 101.3 എഫ് എമ്മിന്റെ വാർത്താവിഭാഗം തലവനായിരുന്നു. 2012 മുതൽ 2014 വരെ റിപ്പോർട്ടർ ടെലിവിഷനിൽ വാർത്താ അവതാരകനായിരുന്നു. 1995 ൽ രൂപീകരിച്ച മാള പ്രസ്സ്ക്ലബ്ബ് 2008 ല്‍ രൂപീകരിച്ച യു എ ഇ ഇന്ത്യന്‍ മീഡിയ ഫോറം എന്നിവയുടെ സ്ഥാപക അംഗമാണ്.
ബ്ലോഗുകള്‍ക്ക് പ്രാധാന്യം നൽകി 2007 ൽ ഇ പത്രം എന്ന വെബ്ബ് ജേർണ്ണലിന് തുടക്കമിട്ടു. കോഴിക്കോട് ആസ്ഥാനമായുള്ള തത്സമയം മീഡിയ കമ്പനിയുടെ ന്യൂമീഡിയ വിഭാഗത്തിൽ പ്രക്ഷേപകനായിരുന്നു. അറേബ്യൻ സാഹിത്യ പുരസ്ക്കാരം, എൻ എം വിയ്യോത്ത് കവിതാ അവാർഡ്, പ്രഥമ ജിനേഷ് മടപ്പിള്ളി കാവ്യ പുരസ്ക്കാരം തുടങ്ങിയവ ലഭിച്ചു. 2012 ലെ മികച്ച 10 പുസ്തകങ്ങളില്‍ ഒന്നായി ഇന്ത്യാ ടുഡേ കുഴൂര്‍ വിത്സന്റെ കവിതകളെ തെരഞ്ഞെടുത്തു. ദുബായ് പോയറ്റിക് ഹാർട്ട് ഏഴാമത് എഡിഷനിൽ മലയാളത്തെ പ്രതിനിധീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദശാബ്ദത്തിലെ (2010-2020) മികച്ച 10 പുസ്തകങ്ങളിൽ ഒന്നായി വയലറ്റിനുള്ള കത്തുകളെ തെരഞ്ഞെടുത്തു. കർഷകരായിരുന്ന കുഴൂര്‍ മുല്ലക്കാട്ടുപ്പറമ്പില്‍ ഔസേപ്പ് – അന്നം ദമ്പതികളുടെ ആറാമത്തെ പുത്രനാണ്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആഗ്നസ് അന്നയാണ് മകൾ.