പടിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെ ഭാഗമായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാർഡ് 14 ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാർഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.
പടിയൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെ ഭാഗമായി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാർഡ് 14 ലെ കാക്കാത്തുരുത്തി മുനയം റോഡ്, വാർഡ് അഞ്ചിലെ ശിവകുമാരേശ്വരം ഈസ്റ്റ് റോഡ് എന്നിവ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. പടിയൂർ പഞ്ചായത്തിലെ സഞ്ചാരയോഗം ഇല്ലാത്ത എല്ലാ റോഡുകളും പഞ്ചായത്ത്, എംഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ സുരക്ഷിത യാത്ര സാധ്യമാക്കും. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി നിർമ്മാണം പുരോഗമിക്കുകയാണ്. സ്ലുയിസ് നിർമ്മാണവുമായി ബന്ധപ്പെട്ട ആവശ്യം പരിഗണിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ തൊഴിലുൽപാദനം കേന്ദ്രീകരിച്ച പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിനായി കുടുംബശ്രീ, സഹകരണ പ്രസ്ഥാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ പഞ്ചായത്ത് ആവിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
27 ലക്ഷം ചെലവിലാണ് കാക്കാത്തുരുത്തി മുനയം റോഡ് നിർമ്മിച്ചത്. ശിവകുമാരേശ്വരം ഈസ്റ്റ് റോഡിന് 25 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. മുനയം, ശിവകുമാരേശ്വരം റോഡ് പരിസരത്ത് നടന്ന പരിപാടികളിൽ പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ അധ്യക്ഷയായി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായി. പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, വാർഡംഗം നിശാ പ്രനീഷ്, സ്ഥിരംസമിതി അധ്യക്ഷർ, മറ്റു വാർഡംഗങ്ങൾ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.