ഇരിങ്ങാലക്കുട : കാപ്പ നിയമപ്രകാരം തൃശൂർ ജില്ലയിൽ നിന്നു നാടുകടത്തിയ പ്രതിയെ ഒളിത്താവളത്തിൽ നിന്നു പിടികൂടി. ആളൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളും മാനാട്ടുകുന്നു സ്വദേശിയുമായ മുറി രതീഷ് എന്ന രതീഷിനെയാണ് (42 വയസ്സ്) റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും അറസ്റ്റു ചെയ്തത്. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാളെ റൂറൽ എസ്.പി.യുടെ റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാടുകടത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇത്തരം ആളുകൾ ജില്ലയിൽ പ്രവേശിക്കുന്നത് നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലാണ് രതീഷ് അറസ്റ്റിലായത്. വരന്തരപ്പിള്ളി കാരിക്കുളത്താണ് ഇയാൾ ഒളിവിൽ താമസിച്ചു വന്നിരുന്നത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. കാപ്പ നിയമലംഘന നിയമപ്രകാരം അറസ്റ്റു ചെയ്ത് കേസ്സെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷിൻ്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ കെ.എം ബിനീഷ്. സീനയർ സി.പി.ഒ ഇ.എസ്.ജീവൻ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, ഹരികൃഷ്ണൻ, യു.ആഷിഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
