ജില്ലയില്‍ ജാഗ്രത നിലനിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും: മന്ത്രി ഡോ. ആര്‍ ബിന്ദു
ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ കുറവാണെങ്കിലും ജാഗ്രത നിലനിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട സ്ഥിതികള്‍ വിലയിരുത്തി. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അകമല മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രദേശവാസികളെ ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കുമായി മാറ്റി. ചേലക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ ഒലിപ്പാറക്കുന്നില്‍ 42 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ മുകള്‍വശത്തായി മണ്ണ് അടര്‍ന്നു വീഴുന്ന സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചു. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡിനു സമീപം മണ്ണിടിച്ചില്‍ അടിയന്തരമായി പരിശോധിക്കാന്‍ ജിയോളജിസ്റ്റിനു നിര്‍ദേശം നല്‍കി.
ക്യാമ്പുകളില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനു മുമ്പായി വീടും പരിസരവും ശുചീകരിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ ഉള്‍പ്പെടെയുള്ള സേവനം മന്ത്രി ആവശ്യപ്പെട്ടു. കോളജുകളിലെ എന്‍.സി.സി, എന്‍,എസ്,എസ് വൊളന്റിയര്‍മാരുടെ സേവനം ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചാഴൂര്‍ പഞ്ചായത്തിലെ കമാന്‍ഡോ മുഖം സ്ലൂയിസ് ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പൊട്ടിപ്പോയതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ ജോലിക്കാരെ നിയോഗിച്ച് അടിയന്തര പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, പാഴൂര്‍, ചേര്‍പ്പ്, പാറളം പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.ഡി.എം ടി മുരളി, അസി. കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.