പട്ടയം വാങ്ങി മകളുടെ കയ്യും പിടിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ കാളിയമ്മയുടെ ഉറച്ച ശബ്ദത്തിന് ആത്മവിശ്വാസത്തിന്റെ കരുത്തുണ്ട്. ചേലക്കര മണ്ഡലത്തിലെ പട്ടയമേളയിലെത്തി ദേവസ്വം പട്ടയം ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ 100 വയസ് പിന്നിട്ട കാളിയമ്മ സന്തോഷത്തിലാണ്. ഉറക്കെ സംസാരിക്കുന്ന കാളിയമ്മ നിറപുഞ്ചിരിയോടെ പരിചയക്കാരോട് തന്റെ പോരാട്ട വിജയത്തിന്റെ സന്തോഷം പങ്കുവെക്കുകയാണ്.
പട്ടയത്തിനായി മുന്‍പും അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണവും മറ്റും ഹിയറിംഗുകള്‍ക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ആവശ്യമായ രേഖകളുടെ കുറവും പട്ടയം ലഭിക്കുന്നത് തടസ്സമായി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭൂമി നല്‍കി എല്ലാ ഭൂമിക്കും രേഖ ഉറപ്പാകുന്നതിന് കൈകൊണ്ട നടപടികള്‍ കാളിയമ്മക്ക് സഹായകരമായി. അവസ്ഥ മനസ്സിലാക്കിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒപ്പം നിന്നതോടെ കാളി ഭൂമിയുടെ അവകാശിയായി.
തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പാമ്പാടി വില്ലേജില്‍ സ്ഥിര താമസക്കാരിയാണ് കൊളമ്പില്‍ കൊല്ലാത്ത് വീട്ടില്‍ കാളി. കാളിയുടെ മക്കളുടെ ചെറു പ്രായത്തില്‍ തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു. ജീവിത പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു മുന്നേറിയിരുന്ന കാളി 90 പിന്നിട്ടിട്ടും തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. സ്വന്തമായി ഭൂമിയും ഭൂമിക്ക് അവകാശവും ഉറപ്പാവുമ്പോള്‍ ഒരു നീണ്ട ജീവിതപോരാട്ടത്തിന്റെ പരിസമാപ്തിയായതിന്റെ ചാരിതാര്‍ത്ഥ്യം ആ മുഖത്ത് കാണാം. സന്തോഷത്തിന്റെ കണ്ണീരല്ല ഉറച്ച ശബ്ദമാണ് കാളിക്ക് കൂട്ട്. എം.എല്‍.എയോട് പട്ടയം അനുവദിച്ച സര്‍ക്കാരിനോടുള്ള നന്ദിയും പറഞ്ഞാണ് കളി മടങ്ങിയത്. കാളിഅമ്മയ്ക്ക് ഇന്ന് സ്വന്തം വീട്ടില്‍ സമാധാനത്തോടെ ഉറങ്ങാം, ആത്മവിശ്വാസത്തിന്റെ കരുത്തോടെ.