Channel 17

live

channel17 live

കുട്ടികളുടെ സ്വപ്നങ്ങള്‍ക്കായുള്ള നിക്ഷേപമാണ് വിദ്യാലയങ്ങള്‍- മന്ത്രി വി ശിവന്‍കുട്ടി

ഉത്സവ പ്രതീതിയില്‍ ആറ്റൂര്‍ ഗവ. യുപി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു.

കുട്ടികളുടെ സ്വപ്നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള നിക്ഷേപമാണ് വിദ്യാലയങ്ങളെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ പരിമിതികള്‍ക്കും അതീതമായി ഓരോ കുട്ടിയും ലോകോത്തര വിദ്യാഭ്യാസത്തിന് അര്‍ഹരാണെന്നും മന്ത്രി പറഞ്ഞു. ആറ്റൂര്‍ ഗവ. യുപി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കെട്ടിടം സ്‌കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റുകൂട്ടുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിന് എന്നും മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണ് കേരളം. പരമ്പരാഗതമായി സാക്ഷരതാ നിരക്ക് ഉയര്‍ന്നതും പഠന സംസ്‌കാരം ആഴത്തില്‍ വേരൂന്നിയതുമായ സംസ്ഥാനമാണിത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നാല്‍ കേവലം അറിവ് പകര്‍ന്നു നല്‍കുക മാത്രമല്ല, അത് സ്വായത്തമാക്കുന്നതിനുള്ള മികച്ച സാഹചര്യമൊരുക്കല്‍ കൂടിയാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ നിക്ഷേപമാണ് കേരളം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതിനുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്കും ആധുനികവും സുരക്ഷിതവും അനുകൂലവുമായ പഠനാന്തരീക്ഷത്തിലേക്ക് പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് സ്‌കൂളുകള്‍ നിര്‍മ്മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ദൗത്യം സര്‍ക്കാര്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 2.56 കോടി രൂപ ചിലവഴിച്ചാണ് ആറ്റൂര്‍ ഗവ. യു.പി സ്‌കൂളില്‍ പുതിയതായി കെട്ടിടം നിര്‍മിച്ചത്. 14 ക്ലാസ് മുറികള്‍, ഒരു സ്റ്റേജ്, മൂന്നു ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിലകളിലായി 872.85 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള കെട്ടിടമാണ് പുതിയതായി നിര്‍മ്മിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി ടെറസ്സില്‍ ട്രെസ്സ് വര്‍ക്ക് നടത്തി ഗ്രില്ലിട്ട് സുരക്ഷിതമായ ഇടവും ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ മഴയും വെയിലും ഏല്‍ക്കാതെ അസംബ്ലി ചേരുന്നതിനായി ട്രെസ്സ് മേല്‍ക്കൂരയോട് കൂടി ഫ്ളോര്‍ ഇന്റര്‍ലോക്ക് ചെയ്ത് അസ്സംബ്ലി ഹാള്‍ കൂടി സജ്ജീകരിച്ചിട്ടുണ്ട്.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില വിജീഷ്, എം എ നസീബ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷാദിയ അമീര്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശശികല സുബ്രഹ്മണ്യന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പ്രതിഭ മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിയ അജില്‍ ജോസ്, വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബുഷറ, പിടിഎ പ്രസിഡന്റ് ടി എ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് സ്വാഗതവും പ്രധാനാധ്യാപിക എന്‍ എം ഷാഹിറ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!