2018 ല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കുന്നംകുളം താലൂക്കിനായുള്ള വിശാലമായ പുതിയ ഹെഡ്ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം ആരംഭിക്കുന്ന കുറുക്കന്‍പാറ താഞ്ചന്‍കുന്ന് എംഎല്‍എ സന്ദര്‍ശിച്ച് ആരംഭപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ സനല്‍, കുന്നംകുളം തഹസില്‍ദാര്‍ ഒ ബി ഹേമ, ബില്‍ഡിംഗ്സ് വിഭാഗം എഇ ആശ, കരാര്‍ കമ്പിനി പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അമൃത് പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് സൂക്ഷിച്ചിട്ടുള്ള പൈപ്പുകള്‍ ഉചിതമായ സ്ഥലത്തേയ്ക്ക് മാറ്റുന്നതിന് എംഎല്‍എ വാട്ടര്‍ അതോറിറ്റി അധികൃതരോട് നിര്‍ദ്ദേശിച്ചു. നിര്‍മ്മാണസാമഗ്രികള്‍ എത്തിക്കുന്നതിനുള്ള പ്രവേശനവഴികള്‍ സുഗമമാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഈ മാസം അവസാനത്തോടെ നിര്‍മ്മാണോദ്ഘാടനം നടത്താനാവുമെന്നും എംഎല്‍എ അറിയിച്ചു.
21.20 കോടി രൂപയുടെ കോംപോസിറ്റ് ടെണ്ടര്‍ പൂര്‍ത്തിയാക്കിയാണ് സൈറ്റ് കരാറുകാരന് കൈമാറിയിട്ടുള്ളത്. സിവില്‍ വര്‍ക്കിനോടൊപ്പം ഇലക്ട്രിഫിക്കേഷനും, ലിഫ്റ്റും, ഫയര്‍ഫൈറ്റിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തി മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒറ്റ ടെണ്ടറില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പുതിയ രീതിയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. നാല് നിലകളിലായി 5179 ച.മീ പ്ലിന്ത് ഏരിയയില്‍ നിര്‍മ്മിക്കുന്ന താലൂക്ക് കെട്ടിടത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.