കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കുന്നംകുളം മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രധാന കിഫ്ബി വര്‍ക്കുകളുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കേച്ചേരി അക്കിക്കാവ് ബൈപാസ്, കുന്നംകുളം ജംങ്ഷന്‍ വികസനം, കുന്നംകുളം റിംഗ് റോഡ് വികസനം തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ സംഘവും കെആര്‍എഫ്ബിയും സംയുക്തമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകാന്‍ നിര്‍ദ്ദേശം നല്‍കി. കേച്ചേരി അക്കിക്കാവ് ബൈപാസ് ജനുവരി 30 ന് സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
കെ.എസ്.ടി.പി നിര്‍വ്വഹണം നടത്തുന്ന തൃശ്ശൂര്‍-കുറ്റിപ്പുറം റോഡ് നിര്‍മ്മാണം മന്ദഗതിയില്‍ നടക്കുന്നതില്‍ എംഎല്‍എ ആശങ്കയറിയിച്ചു. കരാര്‍ കാലാവധി പൂര്‍ത്തിയായ സ്ഥിതിയ്ക്ക് നിലവിലെ കരാറുകാരനെ മാറ്റി ആവശ്യമെങ്കില്‍ നഷ്ടോത്തരവാദിത്വത്തില്‍ പുതിയ കരാറുകാരെ കണ്ടെത്തി പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടു.
വെട്ടിക്കടവ് ഫസ്റ്റ് റീച്ചിന്റെ ഭാഗമായുള്ള കിഴൂര്‍ റോഡില്‍ ടൈല്‍ വിരിക്കല്‍ അനന്തമായി നീണ്ടുപോകുന്നത് പൊതുജനങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
അത്താണി-പുതുരുത്തി റോഡ് ഫെബ്രുവരി 28 നകം പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. അക്കിക്കാവ്-നിലമ്പൂര്‍ റോഡ് റിസ്റ്റോറേഷന്‍ ജനുവരി 29, 30 തീയ്യതികളിലായി പൂര്‍ത്തീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പുനല്‍കി. നെല്ലുവായ്-ഇട്ടോണം റോഡില്‍ ജലജീവന്‍മിഷനുമായി ബന്ധപ്പെട്ട പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തലത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായ കരാര്‍ വ്യവസ്ഥകള്‍ ആലോചിക്കാന്‍ തീരുമാനിച്ചു. ആലുങ്കല്‍ പാലം നിര്‍മ്മാണത്തിന് പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിന് പ്രൈവറ്റ് സര്‍വ്വെ സംഘത്തെ ഉപയോഗപ്പെടുത്തി പ്രാഥമിക സര്‍വ്വെ നടത്തുന്നതിനും ഭൂമിയില്ലാത്ത പക്ഷം എസ്റ്റിമേറ്റും ഭരണാനുമതിയും തിരുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ബില്‍ഡിംഗ്‌സ് വിഭാഗത്തില്‍ എരുമപ്പെട്ടി ആരോഗ്യ കേന്ദ്രം കെട്ടിടനിര്‍മ്മാണം ലിഫ്റ്റ് ഉള്‍പ്പെടെയുള്ളവ മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
കുന്നംകുളം റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആര്‍ ഷോബി, രേഷ്മ ഇ.എസ്, പി.ഐ രാജേന്ദ്രന്‍, നോഡല്‍ ഓഫീസര്‍ പിഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ശ്രീമാല, റോഡ്‌സ്, ബില്‍ഡിംഗ്‌സ്, ബ്രിഡ്ജസ്, മെയിന്റനന്‍സ്, കെ.ആര്‍.എഫ്.ബി, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.